മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബുകൾ ശ്രമിക്കില്ല. ഗ്രീൻവുഡിനെ ഇപ്പോൾ സൗദി ലീഗിൽ കളിക്കാൻ അനുവദിച്ചാൽ സൗദി ലീഗിന് ഇപ്പോൾ ലഭിക്കുന്ന സ്വീകര്യതയെയും അവരുടെ ലീഗിന്റെ പ്രതിച്ഛായയെ അത് ബാധിക്കും, അത് കൊണ്ട് ഗ്രീൻവുഡിനെ ആരും സൈൻ ചെയ്യേണ്ട എന്ന കർശനമായ നിർദ്ദേശം സൗദി ലീഗ് അധികൃതർ ക്ലബുകൾക്ക് നൽകിയിരിക്കുകയാണ്.
ഗ്രീൻവുഡിനെ സൈൻ ചെയ്യാൻ സൗദി ക്ലബായ അൽ ഇത്തിഫാഖ് ശ്രമിക്കുന്നുണ്ട് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തിഫാഖ് മാനേജർ ജെറാഡ് കഴിഞ്ഞ ദിവസം ആ അഭ്യൂഹങ്ങൾ നിഷേധിച്ചു. ഇതോടെ ഗ്രീൻവുഡ് ഇനി ഏതു ക്ലബിൽ കളിക്കും എന്നത് അനിശ്ചിതത്വത്തിൽ ആണ്. ഗ്രീൻവുഡിനെ സൈൻ ചെയ്താൽ ആരാധകരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടാകും എന്ന് ഭയന്ന് യൂറോപ്യൻ ക്ലബുകൾ ആരും താരത്തിനായി ഇപ്പോൾ രംഗത്ത് ഇല്ല.
രണ്ട് ദിവസം മുമ്പ് താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ പിരിയുന്നതായി അറിയിച്ചിരുന്നു. തന്റെ കാമുകിയെ ആക്രമിച്ചതിന് കഴിഞ്ഞ വർഷം ഗ്രീൻവുഡ് അറസ്റ്റിൽ ആയിരുന്നു. അന്ന് മുതൽ താരം ഫുട്ബോൾ കളത്തിന് പുറത്താണ്. ഗ്രീൻവുഡിനെതിരെയുള്ള കേസുകൾ അടുത്തിടെ മാഞ്ചസ്റ്റർ പോലീസ് ഒഴിവാക്കിയിരുന്നു.