ബെൻഫിക്കയുടെ സെന്റർ ഫോർവേഡ് ഗോൺസലോ റാമോസിനെ (22) സൈനിംഗ് ചെയ്തതായി പിഎസ്ജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാരീസ് സെന്റ് ജെർമെയ്‌നും ബെൻഫിക്കയും ഒരു ലോൺ കരാറിലാണ് താരത്തെ കൈമാറാൻ തീരുമാനിച്ചത്. അടുത്ത വേനൽക്കാലത്ത് പോർച്ചുഗൽ ഇന്റർനാഷണലിനെ ഒരു സ്ഥിരമായ ഡീലിൽ വാങ്ങുന്നതിനുള്ള ഓപ്ഷനും കരാറിൽ ഉണ്ട്. 80 മില്യൺ യൂറോ ആകും താരത്തെ പി എസ് ജി വാങ്ങുമ്പോൾ നൽകേണ്ടി വരിക.
ഇപ്പോൾ ബെൻഫിക്കയ്ക്ക് 20 മില്യൺ യൂറോ ലോൺ ഫീസായി പി എസ് ജി നൽകും. ബൈ ഓപ്‌ഷൻ ട്രിഗർ ചെയ്‌താൽ ലിഗ് 1 ചാമ്പ്യന്മാരുമായി റാമോസ് അഞ്ച് വർഷത്തെ കരാർ ഒപ്പിടും. പി എസ് ജി മെസ്സി ക്ലബ് വിട്ടതിനാലും എംബപ്പെ ക്ലബ് വിടും എന്നതിനാലും അറ്റാക്കിൽ ആവശ്യത്തിന് താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുകയാണ്. റാമോസിന്റെ സൈനിംഗ് അടുത്ത ആഴ്ച സീസൺ തുടങ്ങാൻ ഇരിക്കെ പി എസ് ജിക്ക് ആശ്വാസം നൽകും.
കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെതിരെ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഹാട്രിക് നേടി റാമോസ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. 22-കാരൻ കഴിഞ്ഞ സീസണിൽ ബെൻഫിക്കയ്ക്കായി 27 ഗോളുകൾ നേടിയിരുന്നു. 2013 മുതൽ റാമോസ് ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. 2020ൽ ആയിരുന്നു സീനിയർ അരങ്ങേറ്റം നടത്തിയത്.