ഫാബിയോ സിൽവ ആൻഡർലെചിലേക്ക്

വോൾവ്സിന്റെ പോർച്ചുഗീസ് മുന്നേറ്റതാരം ഫാബിയോ സിൽവ ടീം വിടാൻ ഒരുങ്ങുന്നു. ബെൽജിയൻ ടീമായ ആൻഡർലെചാണ് താരത്തെ ടീമിൽ എത്തിക്കുന്നത്. ഒരു വർഷത്തെ ലോണിൽ എത്തുന്ന സിൽവയുടെ മുഴുവൻ സാലറിയും ആൻഡർലെച് തന്നെ നൽകും.കരാർ ഉറപ്പിക്കുന്നതോടെ പുതിയ താവളത്തിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് പത്തൊമ്പത്തുകാരൻ.

എഫ്സി പോർട്ടോയിൽ നിന്നും റെക്കോർഡ് തുകക്ക് പ്രീമിയർ ലീഗ് ടീമിൽ എത്തിയ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.പോർട്ടോ ടീമിൽ സ്ഥിരക്കാരൻ അല്ലാതിരുന്നിട്ടും ഉയർന്ന തുക നൽകി വോൾവ്സ് സിൽവയെ ടീമിൽ എത്തിച്ചത് താരത്തിന്റെ പ്രതിഭയിൽ പ്രതീക്ഷ വെച്ചിട്ടായിരുന്നു. എന്നാൽ രണ്ടു സീസണുകളിലായി ആകെ നാല് തവണ മാത്രമാണ് താരത്തിന് എതിർ വല കുലുക്കാൻ സാധിച്ചത്.എങ്കിലും പ്രായം അനുകൂല ഘടകമായ സിൽവക്ക് ബെൽജിയത്തിൽ തന്റെ മികച്ച പ്രകടനം പുറത്തെടുത്ത് കഴിവ് തെളിയിക്കാൻ ഉള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.

പോർച്ചുഗൽ ദേശിയ യൂത്ത് ടീമുകളിലെ സ്ഥിരം സാന്നിധ്യം ആയ സിൽവക്ക് സീനിയർ ടീമിലേക്ക് ഇതുവരെ വിളി വന്നിട്ടില്ല.