പിഎസ്ജി മുന്നേറ്റ താരം ഹ്യൂഗോ എകിറ്റികെക്ക് വേണ്ടി എവർടൺ രംഗത്ത്. ഇരുപത്തിയൊന്നുകാരനായ യുവതാരത്തെ ലോണിൽ എത്തിക്കാനാണ് ഇംഗ്ലീഷ് ടീമിന്റെ ആദ്യ ശ്രമം എന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു. ടീമുകൾ തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കൈമാറ്റ തുക അടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ അറിയാം. ലോണിന് ശേഷം താരത്തെ സ്വന്തമാക്കുന്ന രീതിയിൽ കരാറിൽ എത്താൻ ആണ് എവർടൺ ശ്രമം.
എന്നാൽ യുവതാരത്തെ കൈമാറാൻ പിഎസ്ജി സന്നദ്ധരാവുമോ എന്ന കാര്യം ഉറപ്പില്ല. നേരത്തെ ആഴ്ചകൾക്ക് മുൻപ് ഫ്രാങ്ക്ഫെർട്ടും എകിറ്റികെക്ക് വേണ്ടി രംഗത്ത് വന്നെങ്കിലും ഓഫറുകൾ കേൾക്കാൻ പിഎസ്ജി തയ്യാറല്ലായിരുന്നു. എന്നാൽ ഗോണ്സാലോ റാമോസ് ടീമിൽ എത്തിയതോടെ ഫ്രഞ്ച് താരത്തെ ലോണിൽ അയക്കാൻ പിഎസ്ജി തീരുമാനിച്ചേക്കും. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ റെയിംസിൽ നിന്നും ലോണിൽ എത്തിയ താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിലാണ് പിഎസ്ജി സ്വന്തമാക്കിയത്. പ്രതീക്ഷിച്ച പ്രകടനം താരത്തിൽ നിന്നും ലഭിക്കാത്തത് പിഎസ്‌ജിയെ അലട്ടുന്നും ഉണ്ട്. മുന്നേറ്റത്തിൽ കൊളോ മുവാനി, എയ്ലി വാഹി എന്നിവരിൽ ഒരാളെ എത്തിക്കാൻ ഫ്രഞ്ച് ടീമിന് പദ്ധതിയും ഉണ്ട്. അതേ സമയം നാൽപത് മില്യൺ യൂറോ വരുന്ന ഓഫർ ആണ് എകിറ്റികെക്ക് വേണ്ടി ഇംഗ്ലീഷ് ടീം മുന്നോട്ടു വെക്കുന്നത് എന്ന് ചില ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Download the Fanport app now!