ആഴ്‌സണൽ താരം എമിൽ സ്മിത് റോയിനെ സ്വന്തമാക്കാൻ ഒരുങ്ങി ഫുൾഹാം. മറ്റൊരു ലണ്ടൻ ക്ലബ് ആയ ഫുൾഹാം അവരുടെ ചരിത്രത്തിലെ റെക്കോർഡ് തുകയായ 35 മില്യൺ പൗണ്ടിൽ അധികം മുടക്കിയാണ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഇത് ആഴ്‌സണലിന്റെ റെക്കോർഡ് വിൽപ്പന കൂടിയാവും. നേരത്തെ സമാനമായ തുകക്ക് ബോലഗനെയും ആഴ്‌സണൽ വിറ്റിരുന്നു. നിലവിൽ താരത്തെ സ്വന്തമാക്കാൻ ഫുൾഹാം ആഴ്‌സണലും ആയി അവസാന ഘട്ട ചർച്ചയിൽ ആണെന്ന് ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റയിൻ റിപ്പോർട്ട് ചെയ്തു.
23 കാരനായ ആഴ്‌സണൽ അക്കാദമിയിലൂടെ വളർന്ന സ്മിത് റോയുടെ കരിയറിന് പലപ്പോഴും പരിക്കുകൾ ആണ് വില്ലൻ ആയത്. കഴിഞ്ഞ 2 സീസണുകളിലും താരത്തിന് പലപ്പോഴും പരിക്ക് കാരണം ടീമിൽ പുറത്ത് ഇരിക്കേണ്ടി വന്നു. 2020-21 സീസണിലും 2021-22 സീസണിലും സാകക്ക് ഒപ്പം തിളങ്ങിയ സ്മിത് റോയിൽ വലിയ പ്രതീക്ഷ ആയിരുന്നു ആഴ്‌സണൽ വെച്ചു പുലർത്തിയത്. എന്നാൽ പരിക്കുകൾ താരത്തിന് വിനയായി. വിവിധ ടൂർണമെന്റുകളിൽ ആയി ആഴ്‌സണലിന് ആയി 100 അധികം മത്സരങ്ങളിൽ യുവ ഇംഗ്ലീഷ് താരം ബൂട്ട് കെട്ടിയിട്ടുണ്ട്.