ഇറ്റാലിയൻ താരം എൽ ഷരാവി ചൈനീസ് സൂപ്പർ ലീഗ് വിട്ട് വീണ്ടും റോമയിലേക്ക് എത്തിയിരിക്കുകയാണ്. ലോൺ അടിസ്ഥാനത്തിൽ ആകും ഷരാവി റോമയിലേക്ക് തിരികെ എത്തുന്നത്. ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവയിലാണ് ഷരാവി അവസാന സീസണിൽ കളിച്ചത്. റോമയുടെ ഫോർവേഡായിരുന്ന താരം ഇറ്റലിയിൽ നിന്ന് തന്നെ ഓഫറുകൾ ഉണ്ടായിട്ടും അതൊക്കെ നിരസിച്ചായിരുന്നു ഒരു സീസൺ മുമ്പ് ചൈനയിലേക്ക് പോയത്. എന്നാൽ ചൈനയിൽ തുടരാൻ താല്പര്യമില്ല എന്ന് താരം പറഞ്ഞിരുന്നു.
ഇറ്റാലിയൻ ദേശീയ ടീമിലേക്ക് എത്തേണ്ടതുള്ളത് കൊണ്ട് കൂടെയാണ് എൽ ഷരാവി ഇറ്റലിയിലേക്ക് മടങ്ങുന്നത്. മുമ്പ് എ സി മിലാനിലും, ഫ്രഞ്ച് ക്ലബായ മൊണോക്കോയിലും കളിച്ചിട്ടുള്ള താരമാണ് ഷരാവി. യുവതാരം പാട്രിക്ക് ക്ലുയിവേർട്ട് ലോണിൽ ലെപ്സിഗിൽ പോകുന്നത് കൊണ്ടാണ് ഷരാവിയെ ഇപ്പോൾ റോമ തിരികെ എടുക്കുന്നത്.