സെർജിന്യോ ഡെസ്റ്റ് ബാഴ്‌സ വിട്ടേക്കും; യുണൈറ്റഡും വിയ്യാറയലും പിറകെ

20220831 154049

ബാഴ്‌സലോണയുടെ റൈറ്റ് ബാക്ക് സെർജിന്യോ ഡെസ്റ്റ് ടീം വിടാനുള്ള സാധ്യത വർധിച്ചു. ലീഗ് മത്സരങ്ങൾ ആരംഭിച്ചതിന് പിറകെ സാവി മാച്ച് ഡേ സ്ക്വാഡിൽ പോലും ഉൾപ്പെടുത്താതെ മാറ്റി നിർത്തിയിരുന്ന താരത്തോട് എത്രയും പെട്ടെന്ന് പുതിയ ടീം തേടാൻ ബാഴ്‌സ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനും വിയ്യാറയലിനും താരത്തെ ടീമിൽ എത്തിക്കാൻ താൽപര്യമുണ്ട് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

സെർജിന്യോ ഡെസ്റ്റ്

വിയ്യാറയൽ കുറച്ച് ദിവസമായി താരത്തിന് പിറകെ ഉണ്ട്. ടീമിലെ റൈറ്റ് ബാക്കും ബാഴ്‌സ ലക്ഷ്യമിട്ടിരുന്ന താരങ്ങളിൽ ഒരാളുമായ ഫോയ്ത്തിന് പരിക്കേറ്റതോടെയാണ് പകരക്കാരനായി ഡെസ്റ്റിനെ വിയ്യാറയൽ പരിഗണിച്ചത്. എന്നാൽ ആദ്യം ഡെസ്റ്റ് ഇത് തള്ളിക്കളയുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ താരം എമരിയുടെ ടീമിന്റെ ഓഫർ ചർച്ച ചെയ്യാം എന്ന നിലപാടിൽ ആണ്. അതേ സമയം താരത്തെ യുണൈറ്റഡും ലക്ഷ്യമിടുന്ന വാർത്തകൾ വന്നതോടെ, താരം തന്റെ മുൻ കോച്ച് കൂടിയായ ടെൻ ഹാഗിന് കീഴിൽ വീണ്ടും പന്ത് തട്ടാൻ തയ്യാറെടുക്കുകയായിരുന്നു.

യുണൈറ്റഡിലേക്ക് ചേക്കേറാൻ സെർജിന്യോ ഡെസ്റ്റ് താല്പര്യപ്പെടുന്നുണ്ട്. കാര്യങ്ങൾ അത്ര എളുപ്പമല്ല. ആരോൺ വാൻ-ബിസാക്ക വെസ്റ്റ്ഹാമിലേക്ക് ചേക്കേറിയാൽ മാത്രമേ ടെൻ ഹാഗിന് കൂടി താല്പര്യമുള്ള ഡെസ്റ്റിനെ എത്തിക്കാൻ അവർക്കാകൂ. വിയ്യാറയൽ താരത്തെ ലോണിൽ എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.