മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൺ ക്ലബ് വിട്ടു. ക്രിസ്റ്റൽ പാലസ് ആണ് ഡീൻ ഹെൻഡേഴ്സണെ സ്വന്തമാക്കുന്നത്. 20 മില്യൺ യൂറോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ ഫീ ആയി ലഭിക്കും. ക്രിസ്റ്റൽ പാൽസിൽ ഡീൻ നാലു വർഷത്തെ കരാർ ഒപ്പുവെക്കും. ഇന്ന് താരത്തിന്റെ മെഡിക്കൽ പൂർത്തിയാകും.
ഒനാനക്ക്ക്ക് പിന്നാലെ രണ്ടാം ഗോൾ കീപ്പറായി ബയിന്ദറും എത്തുന്നതോടെ ആണ് ഡീനിന് ക്ലബ് വിടാൻ അനുമതി ലഭിച്ചത്. നോട്ടിങ്ഹാം ഫോറസ്റ്റ് താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ച നീട്ടികൊണ്ടു പോയതോടെ അവർ പിന്മാറിയിരുന്നു. അവസാനമാണ് ക്രിസ്റ്റൽ പാലസ് രംഗത്ത് വന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമിയിലൂടെ ഉയർന്നു വന്ന താരമാണ് ഡീൻ. അവസാന 12 വർഷമായി ക്ലബിനൊപ്പം ഉണ്ട്.
മുമ്പ് ഷെഫീൽഡ് യുണൈറ്റഡിലും നോട്ടിങ്ഹാം ഫോറസ്റ്റിലും മികച്ച ലോൺ സ്പെല്ലും ഡീനിന് ഉണ്ടായിരുന്നു. ഒലെ ഗണ്ണാർ സോൾഷ്യറിനു കീഴിൽ ഡീൻ ഒരു ഘട്ടത്തിൽ ഡി ഹിയയെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ആയിരുന്നു. എന്നാൽ പിന്നീട് പരിക്ക് ഡീനിന് വിനയാവുകയും ആ സമയത്ത് ഡി ഹിയ ഫോമിലേക്ക് ഉയരുകയും ചെയ്തു.