കാത്തിരിപ്പിന് അവസാനം, അയാക്സിന്റെ ക്യാപ്റ്റൻ ഡിലിറ്റ് ഇനി യുവന്റസ് ഡിഫൻസിൽ!!!

- Advertisement -

അയാക്സിന്റെ ക്യാപ്റ്റനായ ഡി ലിറ്റ് അവസാനം യുവന്റസിന്റെ സ്വന്തമായി. നീണ്ട കാലത്തെ ചർച്ചകൾക്ക് ഒടുവിലാണ് ഡി ലിറ്റിന്റെ യുവന്റസിലേക്കുള്ള നീക്കം ഔദ്യോഗികമായിരിക്കുന്നത്. നേരത്തെ തന്നെ ഡിലിറ്റുമായി യുവന്റസ് കരാർ ധാരണയിൽ എത്തിയിരുന്നു എങ്കിലും അയാക്സുമായി തുക ധാരണയിൽ ആകാൻ ആണ് ഇത്ര സമയം എടുത്തത്. താരം ടൂറിനിൽ എത്തിയിരിക്കുകയാണ്. മെഡിക്കൽ പൂർത്തിയാക്കിയ ശേഷമാകും കരാർ ഒപ്പിടുക.

ബാഴ്സലോണയെയും പി എസ് ജിയെയും മറികടന്നാണ് യുവന്റസ് ഈ ട്രാൻസ്ഫർ പൂർത്തിയാക്കിയിരിക്കുന്നത്. കളിക്കാൻ അവസരം കിട്ടും എന്ന് ഉറപ്പില്ലാത്തതിനാൽ ആയിരുന്നു ബാഴ്സലോണയുടെ ഓഫർ ഡി ലിറ്റ് നിരസിച്ചത്. ബാഴ്സലോണ പിറകിലായതോടെ ചർച്ച സജീവമാക്കിയ യുവന്റസ് താരത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡിലിറ്റിനെ യുവന്റസിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ക്ഷണം നിരസിച്ചു എങ്കിലും അവസാനം യുവന്റസിലേക്ക് തന്നെ എത്തുകയാണ് ഡി ലിറ്റ്.

19കാരൻ മാത്രമായ ഡി ലിറ്റ് അവസാന സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ വൻ പ്രകടനമായിരുന്നു നടത്തിയത്. കഴിഞ്ഞ സീസണിൽ യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കിയതിലും ഡി ലിറ്റിന് വലിയ പങ്കുണ്ടായിരുന്നു. 70 മില്യണോളമാണ് യുവന്റസ് ഡിലിറ്റിനായി അയാക്സിന് നൽകുന്നത്. അഞ്ചു വർഷത്തെ കരാർ താരം യുവന്റസുമായി ഒപ്പുവെക്കും.

യുവന്റസിൽ കളിക്കുന്ന നാലാമത്തെ ഡച്ച് താരം മാത്രമാണ് ഡി ലിറ്റ്. വാൻ ഡെ സാർ, എഡ്ജർ ഡേവിഡ്സ്, എലിയ എന്നിവരായിരുന്നു മുമ്പ് യുവന്റസിൽ കളിച്ച ഡച്ച് താരങ്ങൾ.

Advertisement