ഡേവിഡ് റോം ലൈപ്സിഗിലേക്ക് തന്നെ

20220722 210915

ജർമൻ താരം ഡേവിഡ് റാം ആർബി ലെപ്സിഗിലേക്ക് തന്നെ ചേക്കേറുമെന്ന് ഉറപ്പായി. ഇരു ടീമുകളും നടത്തുന്ന ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുപ്പത് മില്യണോളം കൈമാറ്റ തുകയായി ഹോഫെൻഹെയിമിന് ലെപ്സിഗ് കൈമാറും എന്നാണ് സൂചനകൾ.

ഇരുപത്തിനാലുകാരനായ ജർമൻ താരം അവസാന സീസണുകളിലെ മികച്ച പ്രകടനത്തോടെ വമ്പന്മാരുടെ നോട്ടപ്പുളളി ആയിരുന്നു. ഡോർട്മുണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ഹാം ടീമുകൾ താരത്തിനായി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ജൂൺ മാസം വിവിധ ടീമുകൾ ഈ ഇടത് ബാക്കിന് വേണ്ടി ഹോഫെൻഹെയിമിനെ സമീപിച്ചിരുന്നു. ജർമനിയുടെ വിവിധ അന്താരാഷ്ട്ര യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം 2021 ൽ സീനിയർ ടീമിനായും അരങ്ങേറി. നിലവിൽ ജർമൻ ദേശിയ ടീമിൽ സ്ഥിരം സാന്നിധ്യമാണ്. ബുണ്ടസ് ലീഗ രണ്ടാം ഡിവിഷനിൽ കളിച്ചിരുന്ന താരം കഴിഞ്ഞ സീസണിലാണ് ഹോഫെൻഹെയിമിലേക്ക് എത്തുന്നത്. ടീമിനായി സീസണിൽ മൂന്ന് ഗോളുകളും കണ്ടെത്താൻ കഴിഞ്ഞു.