ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടോട്ടനം അവസാന നിമിഷം തങ്ങളുടെ കയ്യകലത്തിൽ നിന്നും റാഞ്ചി കൊണ്ടു പോയ വിയ്യാറയൽ മുന്നേറ്റ താരം ഡാഞ്ചുമയെ സ്വന്തമാക്കി എവർടൻ. ഇംഗ്ലീഷ് ടീമിന്റെ ഒരു സീസണിലേക്കുള്ള ലോൺ ഓഫർ വിയ്യാറയൽ അംഗീകരിച്ചു കഴിഞ്ഞതായും താരം അടുത്ത ദിവസം തന്നെ വൈദ്യ പരിശോധനകൾക്ക് വിധേയനാവുമെന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം നാലു മില്യൺ യൂറോ ലോൺ ഫീയും ഉണ്ടാവും.
ഇതോടെ ഡാഞ്ചുമക്ക് വേണ്ടി ശക്തമായ നീക്കം തന്നെ നടത്തിയ എസി മിലാന് പിൻവാങ്ങേണ്ടി വന്നു. താരം മിലാനിലേക്ക് അടുക്കുന്നതായി കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരിക്കൽ തങ്ങളുടെ കയ്യിൽ നിന്നും വഴുതിയ താരത്തെ ഇത്തവണ സ്വന്തമാക്കാൻ തന്നെ ആയിരുന്നു എവർടണിന്റെ ശ്രമം. അതേ സമയം വിയ്യാറയലിന്റെ മറ്റൊരു മുന്നേറ്റ താരമായ ചുക്വെസെക്ക് വേണ്ടി നിലവിൽ മിലാൻ തന്നെയാണ് മുൻപിൽ ഉള്ളത്. താരത്തെ എത്തിക്കാൻ ഇറ്റാലിയൻ ടീമിന് വലിയ പ്രതിബന്ധങ്ങൾ ഇല്ല. അയാക്സ് മുന്നേറ്റ താരം ബ്രിയാൻ ബ്രോബെയെയാണ് എവർടൻ അടുത്തതായി ഉന്നമിടുന്നത്