മുൻ ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെ ഇറ്റാലിയൻ ഫുട്‌ബോളിൽ തിരിച്ചെത്തും എന്നുറപ്പായി. ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനുമായി കോണ്ടെ കരാറിൽ എത്തിയതായി വിവിധ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ യുവന്റസ് പരിശീലകനായ കോണ്ടെ 2018 ൽ ചെൽസി പുറത്താക്കിയ ശേഷം ഒരു വർഷത്തോളം ഫുട്‌ബോളിൽ നിന്ന് വിട്ട് നിന്നിരുന്നു.
യുവന്റസിനെ ഇറ്റാലിയൻ ഫുട്‌ബോളിലെ അജയ്യ ശക്തിയായി വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പരിശീലകനാണ് കോണ്ടെ. 2011 മുതൽ 2014 വരെ യുവന്റസ് പരിശീലകനായ കോണ്ടെക്ക് കീഴിൽ അവർ ഹാട്രിക് കിരീടം നേടിയിരുന്നു. പിന്നീട് 2014 മുതൽ 2016 വരെ ഇറ്റാലിയൻ ദേശീയ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചു. 2016 മുതൽ 2018 വരെ ചെൽസിയെ പരിശീലിപ്പിച്ച കോണ്ടെ അവർക്കൊപ്പം പ്രീമിയർ ലീഗും എഫ് എ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ററിനെ പഴയ പ്രതാപ കാലത്തേക്ക് തിരിച്ചെത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ 49 വയസുകാരന് ഉള്ളത്.