മലയാളി താരം സി കെ വിനീത് പഞ്ചാബ് എഫ് സിയിൽ എത്തി. മുൻ ബെംഗളൂരു എഫ്സി പരിശീലകനും ഇപ്പോഴത്തെ പഞ്ചാബ് പരിശീലകനുമായ ആശ്ലി വെസ്റ്റ് വുഡാണ് വിനീതിനെ ടീമിൽ എത്തിച്ചത്. ഇന്ന് പഞ്ചാബ് വിനീതിന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിനീത് പഞ്ചാബിൽ ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനൊപ്പം ആയിരുന്നു വിനീത് കളിച്ചിരുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് വിനീത് ഐ ലീഗിലേക്ക് എത്തുന്നത്.
മുമ്പ് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് സി കെ വിനീത്. സ്റ്റീവ് കോപ്പലിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒറ്റയാൾ പോരാളി ആയിരുന്നു ഈ കണ്ണൂരുകാരൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ഇന്ത്യൻ ഗോൾ സ്കോററും സി കെ ആണ്. ചെന്നൈയിൻ എഫ് സിക്ക് വേണ്ടിയും ജംഷദ്പൂരിന് വേണ്ടിയും ഐ എസ് എല്ലിൽ സി കെ കളിച്ചിട്ടുണ്ട്. മുമ്പ് ബെംഗളൂരു എഫ് സിക്ക് ഒപ്പം 2 ഐ ലീഗ് കിരീടങ്ങളും സി കെ വിനീത് ഉയർത്തിയിട്ടുണ്ട്.