കവാനി ഇന്ന് മാഞ്ചസ്റ്ററിൽ എത്തും, ആഗ്രഹിച്ച താരമോ?

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആഗ്രഹിച്ച താരമല്ല എഡിസൺ കവാനി. പക്ഷെ അവർക്ക് ഈ ട്രാൻസ്ഫർ വിൻഡോയുടെ അവസാനം ലഭിക്കാൻ പോകുന്നത് കവാനിയെ മാത്രമാകും. ആരാധകർ ആഗ്രഹിച്ചാലും ഇല്ലായെങ്കിലും കവാനിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വീകരിക്കും. കാരണം ആരെയെങ്കിലും ഈ ക്ലബ് ഒന്ന് സൈൻ ചെയ്തു കണ്ടിരുന്നെങ്കിൽ എന്നായിരുന്നു യുണൈറ്റഡ് ആരാധകർ അവസാന കുറേ കാലമായി പറയുന്നത്.

ട്രാൻസ്ഫർ മാർക്കറ്റിൽ പലർക്കും പിറകെ പോയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം ഒന്നും നടക്കാതെയാണ് ഉറുഗ്വേ സ്ട്രൈക്കർ എഡിസൺ കവാനിയിലേക്ക് എത്തിയത്. 33കാരനായ കവാനിക്ക് ഇനിയും ഒന്ന് രണ്ട് വർഷം യൂറോപ്പിലെ ഏതു വലിയ ക്ലബിലും കളിക്കാനുള്ള മികവ് ഉണ്ട് എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കവാനിയുടെ സൈനിംഗ് പണ്ട് ഫാൽകാവോയെ സൈൻ ചെയ്തത് പോലെ ആകുമോ എന്നൊരു ഭയവും ഉണ്ട്.

കവാനി എന്തായാലും ഇന്ന് കരാർ ഒപ്പുവെക്കും എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരം ഒരു വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. യുണൈറ്റഡിന് താല്പര്യം ഉണ്ടെങ്കിൽ ആ കരാർ 2022വരെ ആക്കാം. റാഷ്ഫോർഡ്, മാർഷ്യൽ, ഗ്രീൻവുഡ് എന്നിവർക്ക് കവാനിയുടെ വരവ് ഗുണമേ ചെയ്യൂ എന്നാണ് ഒലെ വിശ്വസിക്കുന്നത്. മൂന്ന് യുവതാരങ്ങളുടെ വളർച്ചയെയും കവാനിയുടെ പരിചയ സമ്പത്ത് ശരിയായ രീതിയിൽ സ്വാധീനിക്കും എന്ന് ക്ലബ് വിശ്വസിക്കുന്നുണ്ട്‌. ഇപ്പോൾ സ്ട്രൈക്കറുടെ 9ആം നമ്പർ പൊസിഷനിൽ കളിക്കാൻ മാർഷ്യൽ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ളൂ. പിന്നെ ഉള്ള ഇഗാളോയെ ലീഗ് കപ്പ് മത്സരങ്ങൾക്ക് അല്ലാതെ വിശ്വസിക്കാൻ ഒലെ പോലും ഒരുക്കമല്ല. അതുകൊണ്ട് തന്നെ കവാനിയെ പോലെ ഒരു താരം വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിന് അത് വലിയ കരുത്താകും.

Advertisement