മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിന് സൗദിയിൽ നിന്ന് നിരവധി ഓഫറുകൾ ഉണ്ടായിരുന്നു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒന്നിലധികം ഓഫറുകൾ ഔദ്യോഗികമായി തന്നെ ബ്രൂണോയുടെ മുന്നിൽ എത്തിയിരുന്നു. എന്നാൽ എല്ലാ ഓഫറുകളും ബ്രൂണോ ഫെർണാണ്ടസ് തന്നെ നിരസിച്ചു. താരം സൗദി ക്ലബുകളുമായി ചർച്ച നടത്താൻ പോലും തയ്യാറായിരുന്നില്ല.
ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ലഭിക്കുന്ന വേതനത്തേക്കാൾ രണ്ടിരട്ടി വാഗ്ദാനം ചെയ്യപ്പെട്ടിട്ടും താരം മാഞ്ചസ്റ്റർ യുണൈറ്റഡ് മതി എന്ന് തീരുമാനിക്കുക ആയിരുന്നു. യൂറോപ്പിൽ നിന്ന് നിരവധി മികച്ച താരങ്ങൾ സൗദിയിലേക്ക് പോകുമ്പോൾ ആണ് ബ്രൂണോയുടെ ഈ നിലപാട്. ഹാരി മഗ്വയറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ക്യാപ്റ്റൻ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അവസാന മൂന്ന് സീസണുകളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ബ്രൂണോ. ടീമും ബ്രൂണോയെ വിൽക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല.