ബ്രസീലിയൻ യുവതാരം ആർതർ ബയേർ ലെവർകൂസണിലേക്ക്. ബ്രസീലിയൻ ക്ലബ്ബ് ആയ അമേരിക്ക എംജി താരവുമായി ലെവർകൂസൺ ധാരണയിൽ എത്തിയിട്ടുള്ളതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ മെഡിക്കൽ പരിശോധനകൾ അടുത്ത ദിവസം തന്നെ നടക്കും. ഏകദേശം ഏഴ് മില്യൺ യൂറോയോളമാണ് കൈമാറ്റ തുക. 2028വരെയുള്ള കരാർ ആണ് ഇരുപതുകാരന് ജർമൻ ക്ലബ്ബ് നൽകുന്നത്. അടുത്തിടെ യുവ പ്രതിഭകൾക്ക് വളർച്ചക്ക് മുൻതൂക്കം നൽകുന്ന ലെവർകൂസനെ തന്നെ ബ്രസീലിയൻ ഇന്റർനാഷണൽ തന്റെ യൂറോപ്യൻ കരിയറിന് തുടക്കം കുറിക്കാൻ തിരഞ്ഞെടുക്കുകയായിരുന്നു.
അടുത്തിടെ ബ്രസീലിന്റെ ദേശിയ ടീമിലേക്കും താരത്തിന് വിളി എത്തിയിരുന്നു. മൊറോക്കോക്കെതിരായ മത്സരത്തിൽ സീനിയർ ടീമിന്റെ ജേഴ്സി അണിഞ്ഞ താരം, അണ്ടർ 20 ടീമിലും അംഗമായിരുന്നു. നിലവിൽ ലെവർകൂസണിന്റെ റൈറ്റ് ബാക്ക് താരങ്ങൾ ആയ ഫ്റിംപൊങ്, ഫോസു-മേൻഷാ എന്നിവർ സീസണിന് ശേഷം ടീം വിടാനുള്ള സാധ്യത കൂടി കണക്കിൽ എടുത്താണ് അർതറിനെ ടീമിലേക്ക് എത്തിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കുന്ന ഫ്റിംപൊങിന് പിറകിൽ യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും ഉണ്ട്.