പിഎസ്ജിയുടെ എറിക് മാക്സിം ചോപ്പൊ മോട്ടിംഗിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. ഒരു വർഷത്തെ കരാറിലാണ് പാരിസിൽ നിന്നും മോട്ടിംഗ് ബവേറിയയിൽ എത്തുന്നത്. ഫ്രീ ട്രാൻസ്ഫറിലാണ് ബുണ്ടസ് ലീഗയിലേക്ക് എറിക് മാക്സിം ചോപ്പൊ മോട്ടിംഗ് തിരികെ എത്തുന്നത്. ഹാംബർഗിൽ ജനിച്ച മോട്ടിംഗ് ജർമ്മനിയുടെ യൂത്ത് ടിമിനായി കളിച്ചിട്ടുണ്ട്. പിന്നീട് കാമറൂണിനായി ദേശീയ ടീമിൽ കളിച്ച താരം 55 മത്സരങ്ങളിൽ 15 ഗോളുകൾ നേടിയിട്ടുണ്ട്.
ഹാംബർഗർ എസ് വിയിൽ കളി ആരംഭിച്ച മോട്ടിംഗ് പിന്നീട് ന്യൂറംബർഗ്, മെയിൻസ്, ഷാൽകെ എന്നീ ടികുകൾക്ക് വേണ്ടി കളിച്ച ശേഷം 2016-17 സീസണിൽ സ്റ്റോക്ക് സിറ്റിക്ക് വേണ്ടി കളിച്ചു. പിന്നീട് പിഎസ്ജിയിൽ എത്തിയ മോട്ടിംഗ് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനലിൽ അറ്റലാന്റക്കെതിരെ ഇഞ്ചുറി ടൈമിൽ താരം നേടിയ ഗോളാണ് 25 വർഷങ്ങൾക്ക് ശേഷം പിഎസ്ജിയെ സെമി ഫൈനലിലേക്ക് എത്തിച്ചത്.