യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് എസ്പാന്യോളിന്റെ മിഡ്ഫീൽഡർ മാർക് റോക്കയെ ടീമിലെത്തിച്ചു. 23കാരനായ സ്പാനിഷ് മിഡ്ഫീൽഡർ അഞ്ച് വർഷത്തെ കരാറിലാണ് അലയൻസ് അറീനയിലേക്കെത്തിയത്. 15 മില്ല്യൺ യൂറോയോളം നൽകിയാണ് എസ്പാന്യോൾ താരത്തിനെ ബയേൺ ബുണ്ടസ് ലീഗയിൽ എത്തിക്കുന്നതെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.
11 ആം വയസിൽ എസ്പാന്യോളിൽ എത്തിയ റോക്ക 2016ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 121 മത്സരങ്ങളിലായി മൂന്ന് ഗോളുകളും 6 അസിസ്റ്റുകളും അദ്ദേഹം ക്ലബ്ബിനായി നൽകിയിട്ടുണ്ട്. സ്പെയിൻ അണ്ടർ 21 ടീമിന് വേണ്ടി ഒട്ടേറെ മത്സരങ്ങൾ കളിച്ച റോക്കക്ക് സ്പാനിഷ് സീനിയർ ടീമിൽ ഇടം നേടാനായിരുന്നില്ല. ഒരു വർഷത്തിലേറെയായി ബയേണിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ബ്രാസോ താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ഡെഡ്ലൈൻ ട്രാൻസ്ഫർ വിൻഡോയിൽ ബവേറിയയിലേക്ക് ഇനിയും താരങ്ങളെ എത്തിക്കാനാണ് ബയേൺ ശ്രമിക്കുന്നത്.