ജൂൾസ് കുണ്ടേക്ക് വേണ്ടി ചെൽസിയും ബാഴ്‌സലോണയും നടത്തുന്ന ശ്രമങ്ങൾ പുതിയ തലത്തിലേക്ക്. താരത്തിന് പിറകിൽ ആഴ്ചകളായി ഉള്ള ഇരു ടീമുകളും ഏതു വിധേനയും ഫ്രഞ്ച് പ്രതിരോധ താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. എങ്കിലും ദിവസങ്ങൾക്ക് മുൻപ് ചെൽസി തങ്ങളുടെ ഓഫർ സെവിയ്യക്ക് കൈമാറിയതോടെ ബാഴ്‌സ ചിത്രത്തിൽ പുറത്താവുമെന്നാണ് തോന്നിച്ചത്. പക്ഷെ കാര്യങ്ങൾ ചെൽസിയുടെ വഴിക്ക് വന്നില്ല. തങ്ങളുടെ ഓഫർ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും സെവിയ്യയിൽ നിന്നും കൈമറ്റത്തിന് പൂർണ സമ്മതം ലഭിക്കാത്തത് ചെൽസിക്ക് വലിയ ആശങ്ക നൽകുന്നുണ്ട്.
ഇതിനിടയിലാണ് ഇതു വരെ കുണ്ടേക്ക് വേണ്ടി ഔദ്യോഗിക ഓഫർ നൽകാത്ത ബാഴ്‌സലോണ തങ്ങളുടെ ആദ്യ ഓഫർ തയ്യാറാക്കി കൊണ്ടിരിക്കുന്നു എന്ന വാർത്ത വരുന്നത്. ജെറാർഡ് റൊമേറോ , ഫാബ്രിസിയോ റൊമാനോ എന്നിവർ ഇത് സ്ഥിരീകരിച്ചു. സെവിയ്യക്ക് മുന്നിൽ ചെൽസി നൽകിയ ഓഫർ മനസിലാക്കാൻ വേണ്ടിയാണ് ബാഴ്‌സലോണ ഇത്രയും കാത്തിരുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. കൈമാറ്റത്തിന്റെ ഭാഗമായി കഴിയുന്നത്ര തുക ആദ്യം തന്നെ തങ്ങളുടെ കൈകളിൽ എത്താൻ ആണ് സെവിയ്യ ആഗ്രഹിക്കുന്നത്. പല തവണകളായി തങ്ങളുടെ കൈമാറ്റ തുക നൽകാനായിരുന്നു ചെൽസിയുടെ തീരുമാനം. എന്നാൽ മൊത്തം തുക കുറഞ്ഞാലും ആദ്യ തവണയിൽ ചെൽസി നൽകുന്നതിനെക്കാൾ കൂടിയ തുക നൽകാൻ സാധിച്ചാൽ താരത്തെ സ്വന്തമാക്കാൻ കഴിയും എന്നാണ് ബാഴ്‌സയുടെ പ്രതീക്ഷ. സെവിയ്യയുടെ കൂടി താൽപര്യം അനുസരിച്ച് കരാറിൽ മെംഫിസ് ഡീപെയ്, ഡെസ്റ്റ് തുടങ്ങി ടീമിലെ താരങ്ങളെ ആരെയും ബാഴ്‌സ ഉൾപ്പെടുത്തിയേക്കില്ല.
ഓഫർ സമർപ്പിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും സെവിയ്യയിൽ നിന്നും മറുപടി ഒന്നും ലഭിക്കാത്ത ചെൽസിയെ ഈ വാർത്ത ആശങ്കയിൽ ആക്കും എന്നതിൽ സംശയമില്ല. സെവിയ്യയും താരവും തീരുമാനം അറിയിക്കാൻ ഇത്രയും വൈകുന്നത് തന്നെ ബാഴ്‌സലോണക്ക് വേണ്ടി കാത്തിരിക്കുന്നത് മൂലമാണെന്നും കരുതേണ്ടി വരും.