ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം നാടകീയമായി ഫലം കാണാതെ കൈമാറ്റ നീക്കത്തിന് ഒടുവിൽ ശുഭ പരിസമാപ്തി. ലോസ് അഞ്ചലസ് താരം ഹുലിയൻ അരോഹോയെ എത്തിക്കാനുള്ള ബാഴ്സയുടെ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടു. താരം അടുത്ത ദിവസം തന്നെ ബാഴ്സയിൽ എത്തുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ വെളിപ്പെടുത്തിയത് പോലെ നാല് മില്യൺ യൂറോയാണ് കൈമാറ്റ തുക. 2026 വരെയുള്ള കരാറിൽ താരം ഒപ്പിടും.
ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു പതിനെട്ടു സെക്കന്റുകൾ കഴിഞ്ഞു മാത്രം കൈമാറ്റം സംബന്ധിച്ച രേഖകൾ ഫിഫയുടെ ഔദ്യോഗിക ചാനൽ വഴി സമർപ്പിക്കാനുള്ള ബാഴ്സയുടെ നീക്കം നേരത്തെ ഫലം കാണാതെ പോയിരുന്നു. ഇതിന് പിറകെ ഫിഫയും കൈമലർത്തിയതോടെയാണ് ബാഴ്സ കോടതി കയറിയത്. ഇതിൽ കോർട് ഓഫ് ആർബിട്ടറേഷൻസ് ഫോർ സ്പോർട് (സിഎഎസ്) നെയാണ് സമീപിച്ചത്. തികച്ചും സാങ്കേതികമായ തകരാർ ആണ് ഉണ്ടായത് എന്നും ഇത് ഫിഫയുടെ സൈറ്റിൽ ഉണ്ടായ വീഴ്ച്ച ആണെന്നും ആയിരുന്നു ബാഴ്സയുടെ വാദം. അതേ സമയം കൈമാറ്റത്തിൽ ഇനിയും നൂലാമാലകൾ ബാക്കിയുണ്ട് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. പതിവ് പോലെ ഈ നീക്കത്തിനും ലാ ലീഗ വിലങ്ങു വെക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. ബി ടീമിനോടൊപ്പമാകും അരോഹോ ആദ്യം ചേരുക. അതേ സമയം ടീമിന് ഏറെ ആവശ്യമുള്ള റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ആളെത്തുന്നത് സാവിക്കും ആശ്വാസമേകും.