യൂറോപ്യൻ വമ്പന്മാരുടെ നോട്ടപ്പുള്ളി ആയി മാറിക്കഴിഞ്ഞ ജർമൻ യുവതാരം അടുത്തിടെ പ്രചരിച്ച തന്റെ ട്രാൻസ്ഫർ വാർത്തകളോട് പ്രതികരിച്ചു. താരത്തിന്റെ പിതാവും ഏജന്റുമായി എഫ്സി ബാഴ്‌സലോണ ബന്ധപ്പെട്ടിരുന്നതായി കഴിഞ്ഞ ദിവസം സ്‌കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തിരുന്നു. താരത്തിന്റെ ഭാവി നീക്കങ്ങളെ കുറിച്ച് അറിയാൻ വേണ്ടി ആയിരുന്നു ഈ നീക്കം എന്നാണ് റിപോർട്ടിൽ പരാമർശിച്ചത്. എന്നാൽ ഇത് സമ്പത്തിച്ച് താരത്തിന്റെ പ്രതികരണം ആരാഞ്ഞപ്പോൾ തന്റെ പിതാവുമായി ഇത് സംബന്ധിച്ച് സംസാരിച്ചിട്ടില്ല എന്ന് വിറ്റ്സ് പറഞ്ഞു.
“ബാഴ്‌സലോണ ട്രാൻസ്ഫർ വാർത്തയെ കുറിച്ച് പിതാവുമായി സംസാരിച്ചിട്ടില്ല, ഇപ്പോൾ ഇത്തരം വാർത്തകളിൽ താൻ ആശായക്കുഴപ്പത്തിലാണ്” വിറ്റ്സ് തുടർന്നു, “പക്ഷെ ഈ വാർത്ത താനും വായിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലെവേർകൂസനിൽ മാത്രമാണ് തന്റെ ശ്രദ്ധ. ഇവിടെ നേട്ടങ്ങൾ കരസ്ഥമാക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. ഭാവിയെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല”. വിറ്റ്സിന് 2027 വരെ ലെവർകൂസണുമായി കരാർ ഉണ്ട്. 2024ഓടെ താരത്തെ സ്വന്തമാക്കാൻ ആണ് ബാഴ്‌സയുടെ നീക്കം എന്നാണ് സ്‌കൈ സ്പോർട്സ് നൽകിയ സൂചന. ബാഴ്‌സ ജേഴ്‌സി അണിയാനുള്ള തന്റെ താൽപര്യം താരവും വെളിപ്പെടുത്തിയിരുന്നു. എങ്കിലും ബയേണടക്കമുള്ള വമ്പന്മാരെ മറികടന്ന് 19 കാരനെ സ്വന്തമാക്കുന്നതും ബാഴ്‌സക്ക് ബുദ്ധിമുട്ടേറിയ കാര്യം ആകും. യൂറോപ്പയിലും മുന്നേറുന്ന ലെവർകൂസന് വേണ്ടി മികച്ച പ്രകടനമാണ് വിറ്റ്സ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.