ചെൽസിയുടെ സ്പാനിഷ് പ്രതിരോധ താരങ്ങൾ ആയ താരങ്ങൾ ആയ മർക്കോസ് അലോൻസോക്കും ആസ്പിലികേറ്റക്കും വേണ്ടി ബാഴ്‌സ ശ്രമങ്ങൾ ആരംഭിച്ചിട്ട് കുറച്ചായി. ടീം ക്യാപ്റ്റൻ കൂടിയായ “ആസ്പി”യുടെ കൈമാറ്റം ഏകദേശം ഉറപ്പാകും എന്ന ഘട്ടത്തിലാണ് ചെൽസിയുടെ ഉടമസ്ഥതയിൽ മാറ്റം വരുന്നത്. പുതിയ ഉടമസ്ഥർക്ക് ആസ്പിയെ വിട്ടു കൊടുക്കുന്നതിൽ വിമുഖതയുണ്ട്. എങ്കിലും താരം തുടർച്ചായി ക്ലബ്ബിൽ സമ്മർദ്ദം ചെലുത്തുണ്ട് എന്നാണ് സൂചനകൾ. ഒരു വർഷം കൂടി ചെൽസിയിൽ കരാർ ബാക്കിയുള്ള ആസ്പി ഈ സീസണിൽ തന്നെ സ്പെയിനിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്.
ക്യാപ്റ്റനെ വിട്ടു കൊടുക്കാൻ വിമുഖത ഉണ്ടെങ്കിലും മർക്കോസ് അലോൻസോയുടെ കൈമാറ്റം ചെൽസിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. ലോണിൽ കളിച്ചിരുന്ന എമേഴ്‌സൻ തിരിച്ചു വരിക കൂടി ചെയ്യുമ്പോൾ ലെഫ്റ്റ് ബാക് പൊസിഷനിൽ അലോൻസോയുടെ വിടവ് നികത്താൻ ആളുണ്ടെന്ന വിശ്വാസത്തിൽ ആണ് ചെൽസി.ലിയോണിൽ കളിച്ച കഴിഞ്ഞ സീസണിൽ എമേഴ്‌സൻ മികച്ച ഫോമിൽ ആയിരുന്നു.
അതേ സമയം ഡാനി ആൽവസുമായി കരാർ പുതുക്കാതെ ഇരുന്ന ബാഴ്‌സയും കൃത്യമായ സൂചനകൾ നൽകി കഴിഞ്ഞു. റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് നോട്ടമിട്ട അസ്പിയെ ഏതു വിധേനയും എത്തിക്കുക. പ്രതിരോധത്തിൽ ഏത് സ്ഥാനത്തും ഇറക്കാം എന്നതും ചെൽസി ക്യാപ്റ്റനെ കൊണ്ടു വരാൻ ഉള്ള കാരണമാണ്.
സ്പെയിനിലേക്ക് മടങ്ങാൻ ഉള്ള ആഗ്രഹം അലോൻസോയും പലപ്പോഴും പരസ്യമായി പറഞ്ഞതാണ്. ബാഴ്‌സയിൽ നിന്ന് തന്നെ ഓഫർ ഉള്ള സ്ഥിതിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഇതിലും മികച്ച അവസരം ഉണ്ടാവില്ലെന്ന് താരവും കരുതുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ കൂടി നിൽക്കുന്നതിനാൽ അധികം പൈസ ഇറക്കാതെ തന്നെ അനുഭവസമ്പത്തുള്ള മികച്ച പ്രതിരോധക്കാരെ എത്തിക്കാൻ ഉള്ള ബാഴ്‌സയുടെ ശ്രമമാണ് സ്പാനിഷ് താരങ്ങളിൽ എത്തിയത്. ടീമിന്റെ ശൈലിക്കൊപ്പം ഇവർക്ക് പെട്ടെന്ന് ചേർന്ന് കളിക്കാൻ ആവും എന്ന് സാവിയും കണക്ക് കൂട്ടുന്നു.