ബാഴ്‌സലോണയിൽ നിന്നും ഔബമയങിനെ എത്തിക്കാനുള്ള ചെൽസിയുടെ നീക്കങ്ങൾ അനിശ്ചിതത്വത്തിൽ. കൈമാറ്റ തുക തന്നെയാണ് പ്രശ്നമായി തുടരുന്നത്. ബാഴ്‌സ ആവശ്യപ്പെടുന്ന 25-30 മില്യൺ യൂറോയെന്ന തുകയുടെ പകുതി മാത്രമേ നൽകൂ എന്നാണ് ചെൽസിയുടെ തീരുമാനം. ഫോഫാനക്ക് വേണ്ടി റെക്കോർഡ് തുക ചെലവാക്കാൻ ഒരുങ്ങുന്ന ചെൽസിക്ക് മുപ്പത് കഴിഞ്ഞ ഔബമയങിന് വേണ്ടിയും ഉയർന്ന തുക മുടക്കുന്നതിൽ വിമുഖതയുണ്ട്.
ഇതോടെ ദിവസങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ധാരണയിൽ എത്താൻ ഇരു കൂട്ടർക്കും ആയിട്ടില്ല. അതേ സമയം ഡീൽ എത്രയും പെട്ടെന്ന് തങ്ങൾ ഉദ്ദേശിച്ച പോലെ അവസാനിപ്പിക്കാൻ ഇരു ടീമുകളും പരസ്പരം സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുകയാണ്.
നേരത്തെ ബാഴ്‌സ വിടാൻ കൂട്ടാക്കാതെ ഇരുന്ന ഔബമയങ്ങിനെ ചെൽസി ചർച്ചകൾ നടത്തി തങ്ങളുടെ കൂടാരത്തിലേക്ക് എത്താൻ സമ്മതിപ്പിക്കുകയായിരുന്നു. എന്നാൽ താരങ്ങളെ രെജിസ്റ്റർ ചെയ്യാൻ കൂടുതൽ വരുമാനം കാണിക്കേണ്ട ബാഴ്‌സക്ക് ഔബമയങിന്റെ കൈമാറ്റം ഉയർന്ന തുക്കക് ആവേണ്ടത് നിർബന്ധമായിരുന്നു.
മാർക്കോസ് അലോൻസോയെ ഡീലിന്റെ ഭാഗമാക്കാൻ ചെൽസി ശ്രമിച്ചെങ്കിലും ബാഴ്‌സ വഴങ്ങിയില്ല. വീണ്ടും താരത്തെ ഡീലിന്റെ ഭാഗമാക്കാൻ തന്നെയാണ് ചെൽസി ആവശ്യപ്പെടുന്നത്. അതേ സമയം ജൂൾസ് കുണ്ടേയെ ലീഗിൽ രെജിസ്റ്റർ ചെയ്യാൻ ഈ കൈമാറ്റം ഇല്ലാതെ തന്നെ ബാഴ്‌സക്ക് സാധ്യമാകും എന്നത് ഡീലിനെ സ്വാധീനിച്ചേക്കാം.