മൂസാ ദിയാബിക്ക് വേണ്ടി വീണ്ടും ആസ്റ്റൻ വില്ല ഓഫർ; പിന്മാറാതെ അൽ നാസറും

Nihal Basheer

ബയേർ ലെവർകൂസന്റെ മുന്നേറ്റ താരം മൂസാ ദിയാബിക്ക് വേണ്ടി വീണ്ടും ഓഫറുമായി ആസ്റ്റൻ വില്ല. ആദ്യം സമർപ്പിച്ച 35 മില്യൺ യൂറോയുടെ അടിസ്ഥാന ഓഫർ ജർമൻ ടീം തള്ളിയതിന് പിറകെയാണ് ആസ്റ്റൻ വില്ല വീണ്ടും രംഗത്ത് വന്നതെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. അതേ സമയം നേരത്തെ ഓഫറുമായി എത്തിയിരുന്ന അൽ നാസറും പുതുക്കിയ ഓഫർ സമർപ്പിച്ചു. ഇതോടെ താരത്തിന്റെ തീരുമാനം നിർണായകമാവുമെന്ന് ഉറപ്പാണ്. ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ആസ്റ്റൻവില്ലയുടെ ആദ്യ ലക്ഷ്യങ്ങളിൽ ഒരാൾ ആണ് ദിയാബി. എന്നാൽ അൽ നാസർ ഉയർന്ന സാലറി മുന്നോട്ടു വെക്കുന്നുണ്ട്.
20230718 175639
ഏകദേശം അറുപത് മില്യൺ യൂറോക്ക് അടുത്തുള്ള തുകയാണ് ലെവർകൂസൻ താരത്തിന് വേണ്ടി പ്രതീക്ഷിക്കുന്നത് എന്നാണ് സൂചന. അൽ നാസറും ആസ്റ്റൻവിലയും സമർപ്പിച്ച പുതിയ ഓഫർ 43 മില്യൺ പൗണ്ടോളം വരുന്ന സമാനമായ തുകയുടേത് ആണെന്ന് “ബിൽഡ്” റിപ്പോർട്ട് ചെയ്യുന്നു. 2019ൽ ടീമിൽ എത്തിയ ശേഷം നൂറ്റിയെഴുപതോളം മത്സരങ്ങളിൽ നിന്നും 49 ഗോളും 48 അസിസ്റ്റുമായി നടത്തുന്ന തകർപ്പൻ പ്രകടനമാണ് ടീമുകളുടെ ശ്രദ്ധ താരത്തിൽ എത്തിച്ചത്. ദിയാബിയെ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്തതായി ആരെ ലക്ഷ്യമിടണമെന്നും ആസ്റ്റൻവില്ല ഉറപ്പിച്ചു കഴിഞ്ഞു. ബെൽജിയൻ താരം ജെറമി ഡോകു ആണ് ഉനയ് ഉമരിയുടെ പട്ടികയിൽ ഉള്ള അടുത്ത താരം.