ആഴ്‌സണൽ താരം എമിൽ സ്മിത്-റോയെ തങ്ങളുടെ ക്ലബ് റെക്കോർഡ് തുകക്ക് ഫുൾഹാം സ്വന്തമാക്കും. ആഴ്‌സണൽ അക്കാദമിയിലൂടെ വന്ന ഇംഗ്ലീഷ് താരത്തിന് ആയി ഫുൾഹാം മുന്നോട്ട് വെച്ച ഏതാണ്ട് 34(27 മില്യൺ+7 മില്യൺ ആഡ് ഓൺ) മില്യൺ പൗണ്ട് എന്ന ഓഫർ ആഴ്‌സണൽ സ്വീകരിച്ചു. താരം ആഴ്‌സണലിന്റെ ഏറ്റവും വലിയ വിൽപ്പനകളിൽ ഒന്നു കൂടിയായി മാറും.
നിലവിൽ അമേരിക്കയിൽ ആഴ്‌സണലിന് ഒപ്പം പ്രീ സീസൺ ടൂറിൽ ഉള്ള സ്മിത്-റോ ഉടൻ തന്നെ മെഡിക്കൽ പരിശോധനക്ക് വിധേയമാവും. ഇതിനു ശേഷം താരം പോർച്ചുഗലിൽ ഉള്ള ഫുൾഹാം ടീമിന് ഒപ്പം ചേരും. ബുകയോ സാകക്ക് ഒപ്പം ആഴ്‌സണൽ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സ്മിത്-റോയുടെ കരിയറിൽ കഴിഞ്ഞ 2 വർഷം നേരിട്ട പരിക്കുകൾ ആണ് വലിയ വില്ലൻ ആയത്. ഫുൾഹാമിൽ തിളങ്ങി കരിയർ തിരിച്ചു പിടിക്കുക ആവും 24 കാരനായ താരത്തിന്റെ ലക്ഷ്യം.