ടോറിനോയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി തുടരുന്ന ആന്ദ്രേ ബെലോട്ടിയെ ടീമിൽ എത്തിക്കാൻ റോമയുടെ നീക്കം. താരവുമായി റോമ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയതായാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് വർഷത്തെ കരാർ ആണ് റോമ ബെലോട്ടിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. അതേ സമയം ടീമിലെ മറ്റൊരു സ്‌ട്രൈക്കർ ആയ എൽഡോർ ഷുമുറോഡോവിന് പുറത്തേക്കുള്ള വഴി തേടുകയാണ് റോമ. അതിന് ശേഷം മാത്രമേ ബെലോട്ടിയെ എത്തിക്കാൻ അവർക്ക് സാധിക്കൂ എന്നാണ് സൂചനകൾ.
നേരത്തെ, കഴിഞ്ഞ മാസത്തോടെ ടോറിനോയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറിയ ആന്ദ്രേ ബെലോട്ടിക്ക് വേണ്ടി ഇറ്റലിയിൽ നിന്നും പുറത്തും പല ടീമുകളും സമീപിച്ചിരുന്നു. മിലാൻ ടീമുകളോ, ഓഫറുമായി താരത്തെ സമീപിച്ച വിയ്യാറയൽ, വലൻസിയ അടക്കം വമ്പന്മാരോ താരത്തെ സ്വന്തമാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് രംഗത്തു വന്ന റോമക്ക് താരത്തെ സ്വാധീനിക്കാൻ ആയി. മൗറീഞ്ഞോയുടെ സാന്നിധ്യവും നിർണായകമായി. നേരത്തെ സൂപ്പർ താരം പൗലോ ഡിബാലയെയും സ്വന്തമാക്കാൻ റോമക്ക് സാധിച്ചിരുന്നു. മുൻപ് ടോട്ടനത്തിൽ വെച്ചും മൗറീഞ്ഞോ കണ്ണു വെച്ച താരമായിയുന്നു ബെലോട്ടി. ഇറ്റലിയിലെ മികച്ച താരങ്ങളെ തന്നെ സ്വന്തമാക്കാൻ കഴിഞ്ഞത് റോമയുടെ അടുത്ത സീസണിലെ പോരാട്ടങ്ങൾക്ക് ബലമേകും.
Story Highlight : Andrea Belotti agrees to a three-year deal with Roma