ഇന്റർ മിലാൻ താരം മർസെലോ ബ്രോസോവിച്ചിന് വേണ്ടി അൽ നാസർ ഓഫർ. താരത്തിന് വേണ്ടി ഇരുപത്തിമൂന്ന് മില്യൺ യൂറോയുടെ ഓഫർ ആണ് സൗദി ക്ലബ്ബ് സമർപ്പിച്ചിരിക്കുന്നത്. ഈ ഓഫർ ഇന്റർ മിലാൻ അംഗീകരിച്ചതായി ഡി മാർസിയോ സൂചിപ്പിക്കുന്നു. മൂന്ന് വർഷത്തെ കരാർ ആണ് ബ്രോസോവിച്ചിന് അൽ നാസർ നൽകാൻ ഉദ്ദേശിക്കുന്നത്. ഇരുപത് മില്യൺ യൂറോയോളം വാർഷിക വരുമാനവും ഉണ്ടാവും.
നേരത്തെ 15 മില്യൺ യൂറോയുടെ ആദ്യ ഓഫർ ഇന്റർ തള്ളിയതോടെയാണ് അൽ നാസർ പുതിയ ഓഫറുമായി വന്നത്. ഏകദേശം ഇതേ തുക നൽകി ക്രൊയേഷ്യൻ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണയും രംഗത്ത് ഉണ്ടായിരുന്നെങ്കിലും നിലവിൽ സൗദിയിൽ നിന്നുള്ള ഓഫറിനോട് മത്സരിക്കാൻ ടീമിനാവില്ല. അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ ഇന്ററും അൽ നാസറും തമ്മിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും താരത്തിന്റെ സമ്മതം ഇതുവരെ കൈമാറ്റത്തിന് ലഭിച്ചിട്ടില്ല. ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയ സ്ഥിതിക്ക് ഇനി ബ്രോസോവിച്ചിന്റെ തീരുമാനം നിർണായകമാണെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. സമ്പത്തിക പ്രശനങ്ങളുള്ള ഇന്ററും സൗദിയിൽ നിന്നുള്ള ഓഫർ വലിയ നേട്ടമായാണ് കാണുന്നത്.