സൗദി ക്ലബ്ബുകളുടെ യൂറോപ്പിൽ നിന്നുള്ള താരക്കൈമാറ്റം ചൂടുപിടിക്കുമ്പോൾ അടുത്തതായി അൽ നാസർ നോട്ടമിട്ടിരിക്കുന്നത് ആർസി ലെൻസ് താരം സെകൊ ഫോഫാനയെ. ഇരുപത്തിയെട്ടുകാരനായ ടീം ക്യാപ്റ്റനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾക്കായി അൽ നാസർ ഭാരവാഹികൾ ഫ്രാൻസിലേക്ക് തിരിക്കുന്നുവെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് അൽ നാസറിന് വലിയ നേട്ടമാക്കും. കൈമാറ്റ തുകയെ കുറിച്ച് റിപോർട്ടിൽ പറയുന്നില്ലെങ്കിലും 30-40 മില്യൺ യൂറോ ആവുമെന്നാണ് കണക്കാകുന്നത്.
2020ൽ ഉദിനീസിൽ നിന്നും ലെൻസിൽ എത്തിയ മധ്യനിര താരം നൂറ്റിപത്തോളം മത്സരങ്ങൾ ടീമിനായി കളത്തിലിറങ്ങി. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ 2025വരെയുള്ള പുതിയ കരാർ ടീമുമായി ഒപ്പിട്ടിരുന്നു. എന്നാൽ ടീമിനായി മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന താരം ഈ സീസണോടെ ടീം വിടാൻ ആഗ്രഹിക്കുന്നതായി ആർഎംസി സ്‌പോർട് മാർച്ചിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. പിഎസ്ജിയിലേക്ക് ചേക്കേറാൻ ആയിരുന്നു താരത്തിന്റെ മോഹം. എന്നാൽ മറ്റ് പിഎസ്ജിയുടെ ഭാഗത്ത് നിന്നും താരത്തിൽ താൽപര്യം ഉണ്ടായിരുന്നെങ്കിലും ഓഫറുകൾ ഒന്നും വന്നില്ല. ഇതിനിടെയാണ് അൽ നാസർ ഫോഫാനക്ക് വേണ്ടി എത്തുന്നത്. വെറ്റെറൻ താരങ്ങളിൽ നിന്നും മാറി മുപ്പതിന് താഴെ പ്രായമുള്ള മികച്ച പ്രതിഭകളെ തന്നെ എത്തിക്കാനുള്ള സൗദി ക്ലബ്ബുകളുടെ പുതിയ നീക്കത്തിന്റെ ഭാഗമായി കൂടി ഫോഫാനക്ക് വേണ്ടിയുള്ള ശ്രമങ്ങളെ കാണാം. ടീമും താരവും ഇതുവരെ അൽ നാസർ ഓഫറിനോട് പ്രതികരിച്ചിട്ടില്ല.
Download the Fanport app now!