സെവിയ്യയുടെ മൊറോക്കോ ഗോൾ കീപ്പർ യാസ്സിൻ ബോനോയെ ലക്ഷ്യമിട്ടു സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ. താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ അവർ സ്പാനിഷ് ക്ലബും ആയി നടത്തുകയാണ്. 18/19 മില്യൺ യൂറോ നൽകിയാവും താരത്തെ അൽ ഹിലാൽ ടീമിൽ എത്തിക്കുക. 3 വർഷത്തേക്ക് 45 മില്യൺ യൂറോ ആണ് അൽ ഹിലാൽ മൊറോക്കോയുടെ ലോകകപ്പ് ഹീറോയുടെ മുന്നിൽ വെക്കുന്ന ശമ്പളം. നെയ്മർ അടക്കം നിരവധി താരങ്ങളെ അൽ ഹിലാൽ ഇതിനകം തന്നെ ടീമിൽ എത്തിച്ചിട്ടുണ്ട്.
നേരത്തെ താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്ന ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണിക് സൗദി ക്ലബിന് മുന്നിൽ പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. കാനഡയിൽ ജനിച്ച മൊറോക്കോ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ 32 കാരനായ ബോനോ ലാ ലീഗ ക്ലബുകൾ ആയ ജിറോണ, സെവിയ്യ ടീമുകൾക്ക് ആണ് കൂടുതൽ മത്സരങ്ങൾ കളിച്ചത്. മൊറോക്കോക്ക് ഒപ്പം 54 കളികൾ കളിച്ച താരം സെവിയ്യയുടെ 2 യൂറോപ്പ ലീഗ് വിജയങ്ങളിലും ഭാഗമായി. ട്രാൻസ്ഫർ നടന്നാൽ യൂറോപ്പിൽ നിന്നു സൗദിയിലേക്ക് പോവുന്ന ഏറ്റവും പുതിയ താരമാവും ബോനോ.