ലുകാസ് ഒക്കാമ്പോസ് അയാക്സിലേക്ക് തന്നെ
ആന്റണിയെ യുനൈറ്റഡിലേക്ക് കൈമാറിയതിന് പിറകെ പകരക്കാരെ തിരഞ്ഞിറങ്ങിയ അയാക്‌സ് ലുക്കാസ് ഒക്കാമ്പോസിനെ ടീമിൽ എത്തിക്കുമെന്നിറപ്പായി. ആദ്യം പരിഗണിച്ച തങ്ങളുടെ മുൻ താരം കൂടിയായ ഹക്കീം സിയാച്ചിന് ചെൽസി ഉയർന്ന തുക ചോദിച്ചതോടെയാണ് സെവിയ്യ താരത്തെ തന്നെ എത്തിക്കാൻ അയാക്‌സ് തീരുമാനിച്ചത്. ടീമുകൾ തമ്മിൽ ചർച്ച പൂർത്തീകരിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്. ഇരുപത് മില്യൺ ആണ് കൈമാറ്റ തുക. താരം ആംസ്റ്റർഡാമിൽ മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകും.
റിവർപ്ളേറ്റിലൂടെ പ്രൊഫഷണൽ കരിയറിലേക്ക് കടന്ന താരം മൊണാക്കോയിലൂടെയാണ് യൂറോപ്പിലേക്ക് എത്തുന്നത്. തുടർന്ന് മാഴ്സെ, മിലാൻ, ജെനോവ എന്നിവർക്ക് വേണ്ടി കളിച്ച ശേഷം 2019ലാണ് സെവിയ്യയിലേക്ക് എത്തുന്നത്. ടീമിനായി നൂറ്റിമുപ്പത്തിയഞ്ചു മത്സരങ്ങളിൽ നിന്നും മുപ്പത്തിനാല് ഗോളുകൾ കരസ്ഥമാക്കി. അർജന്റീനൻ ദേശിയ ജേഴ്‌സി പത്ത് മത്സരങ്ങളിൽ അണിയാൻ സാധിച്ചു. ഇരുപതിയെട്ടുകാരൻ വിങ്ങറുടെ വരവിലൂടെ ആന്റണിയുടെ വിടവ് നികത്താൻ കഴിയുമെന്ന് അയാക്‌സ് കരുതുന്നു. ഒക്കാമ്പോസിന് പിറകിൽ അയാക്‌സ് എത്തിയതിന് പിറകെ യാനുസായിയെ പകരം ടീമിലേക്ക് എത്തിക്കാൻ സെവിയ്യയും ശ്രമങ്ങൾ ആരംഭിച്ചിരുന്നു.