ബെൽജിയൻ യുവതാരം ഷാർലെ ഡെ കേറ്റ്ലാർക്ക് വേണ്ടിയുള്ള ടീമുകളുടെ വടംവലി മുറുകുന്നു.ലീഡ്സ് തങ്ങളുടെ ഓഫർ ക്ലബ്ബ് ബ്രുജിന് മുന്നിൽ വെച്ചതിന് പിറകെ എ സി മിലാൻ താരത്തിനായി ശ്രമങ്ങൾ ശക്തമാക്കിയെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ ഏജന്റുമായി മിലാൻ ചർച്ചകൾ നടത്തുകയാണ്.ഇരുപത്തിയൊന്ന്കാരനായി ലീഡ്സ് മുപ്പത് മില്യണിന്റെ അടിസ്ഥാന ഓഫർ വെച്ചപ്പോൾ നേരത്തെ 20 മില്യണിന്റെ ഓഫർ ആയിരുന്നു മിലാൻ വെച്ചിരുന്നത്.
റെനേറ്റോ സഞ്ചസിനെ എത്തിക്കാനുള്ള ശ്രമങ്ങൾ പിഎസ്ജിക്ക് മുന്നിൽ തകരുമെന്ന് ഏകദേശം ഉറപ്പായതോടെ ഡെ കേറ്റ്ലാറെ കൂടി എത്തിക്കാതിരിക്കാൻ മിലാന് സാധിക്കില്ല. ലീഡ്സ് ഉയർന്ന തുക വാഗ്ദാനം ചെയ്‌തെങ്കിലും ചാമ്പ്യൻസ് ലീഗ് അടക്കമുള്ള സാധ്യതകൾ മുന്നോട്ട് വെച്ച് താരത്തെ സ്വാധീനിക്കാൻ ആവും മിലാന്റെ ശ്രമം.
മുന്നേറ്റനിരയിലെ വിവിധ സ്ഥാനങ്ങളിൽ അനായാസം കളിക്കാൻ സാധിക്കും എന്നതാണ് താരത്തിന്റെ പ്രത്യേകത.അറ്റാക്കിങ് മിഡ്ഫീൽഡറായും ടീമിന്റെ നീക്കങ്ങൾക്ക് ചരട് വലിക്കാറുണ്ട്.ക്ലബ്ബ് ബ്രുജിന് വേണ്ടി അവസാന സീസണിൽ പതിനാല് ഗോളും ഏഴു അസിസ്റ്റുമായി കളംനിറഞ്ഞതോടെയാണ് യൂറോപ്പിലെ വമ്പന്മാരുടെ കണ്ണുകൾ താരത്തിൽ പതിയുന്നത്. ബ്രുജ് യൂത്ത് ടീമുകളിലൂടെ വളർന്ന താരം 2019 മുതൽ സീനിയർ ടീം അംഗമാണ്.