താൻ ടോട്ടനാം വിട്ടതായി സെന്റർബാക്കായ വെർടോംഗൻ അറിയിച്ചു. ഇന്നലെയോടെ വെർടോംഗന്റെ സ്പർസുമായുള്ള കരാർ അവസാനിച്ചിരുന്നു. താൻ കരാർ പുതുക്കില്ല എന്നും പുതിയ ക്ലബ് ഏതെന്ന് തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 33കാരനായ വെർടോങൻ അവസാന ഏഴു വർഷമായി സ്പർസിനൊപ്പം ഉണ്ട്. 315 മത്സരങ്ങൾ ക്ലബിനായി കളിച്ചു. എന്നാൽ മൗറീനോ വന്നതോടെ താരത്തിന് അവസരം കുറഞ്ഞു. ഇതാണ് ക്ലബ് വിടാൻ വെർടോംഗൻ തയ്യാറാകാൻ കാരണം.
ബെൽജിയൻ സെന്റർ ബാക്കായ വെർടോംഗനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ അടക്കമുള്ള ക്ലബുകൾ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സ്പർസ് ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനലിലും ലീഗ് കപ്പ് ഫൈനലിലും എത്താൻ ആയി എങ്കിലും ഒരു കിരീടം പോലും നേടാൻ വെർടോങനായില്ല. ക്ലബ് വിടുന്ന ദിവസം തനിക്ക് പല കാരണങ്ങൾ കൊണ്ടു സങ്കടകരമായ ദിവസമാണെന്ന് വെർടോംഗൻ പറഞ്ഞു.