എസി മിലാന്റെ പോളിഷ് സൂപ്പർ സ്റ്റാർ ക്രൊസ്റ്റോഫ് പിയാറ്റെകിനെ സ്വന്തമാക്കാൻ ഒരുങ്ങി ജർമ്മൻ ക്ലബ്ബ് ഹെർത്ത ബെർലിൻ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് താരത്തെ 28 മില്ല്യൺ നൽകിയാണ് എസി മിലാനിൽ നിന്നും ബുണ്ടസ് ലീഗ ക്ലബ്ബ് സ്വന്തമാക്കുന്നത്. പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടെൻഹാം ഹോട്ട്സ്പർസ് പിയാറ്റെകിനായി ശ്രമിച്ചിരുന്നെങ്കിലും ഹെർത്തയിലേക്കാണ് താരം പറക്കുന്നത്. ഹാരി കെയ്നിന് പരിക്കേറ്റ പിന്നാലെ മൗറീന്യോ പിയാറ്റെകിന് വേണ്ടി ശ്രമം നടത്തിയിരുന്നു. ലോണിൽ പിയാറ്റെകിനെ വാങ്ങാൻ ആയിരുന്നു സ്പർസിന്റെ ശ്രമം. 24കാരനായ പോളിഷ് സൂപ്പർ താരം ഇറ്റലിയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ചിരുന്നു.
ആദ്യ സീസണിൽ ജെനോവക്കൊപ്പം 21 മത്സരങ്ങളിൽ 19 ഗോളുകൾ നേടിയിരുന്നു. പിന്നീട് കഴിഞ്ഞ വർഷം ജനുവരിയിൽ മിലാനിലെത്തിയ പിയാറ്റെക്കിന് അധികം തിളങ്ങാനായില്ല. 15 ഗോളുകൾ മാത്രമാണ് താരം 35 കളികളിൽ നിന്നും നേടിയത്. ഫ്രീ ട്രാൻസ്ഫറിൽ സ്ലാത്തൻ ഇബ്രഹിമോവിച് എത്തിയതും യുവതാരം റാഫേൽ ലിയോയുടെ പ്രകടനവുമാണ് സാൻ സൈറോ വിടാൻ പിയറ്റെകിനെ പ്രേരിപ്പിച്ചത്. ട്രാൻസ്ഫർ ജാലകത്തിൽ പണം വാരിയെറിഞ്ഞ് വമ്പൻ തിരിച്ച് വരവിനാണ് ഹെർത്ത ബെർലിൻ ശ്രമിക്കുന്നത്.