ബൊറൂസിയ ഡോർട്മുണ്ട് വിടണമെന്ന തന്റെ ആഗ്രഹം ക്ലബിനോട് സാഞ്ചോ ഔദ്യോഗികമായി അറിയിച്ചതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ലബ് വൻ തുക ചോദിച്ച് താരത്തിന്റെ ട്രാൻസ്ഫർ വൈകിപ്പിക്കും എന്ന ഭയമാണ് താരം ഇപ്പോൾ നേരിട്ട് ട്രാൻസ്ഫർ വേണമെന്ന് ആവശ്യപ്പെടാൻ കാരണം. തനിക്ക് തന്റെ രാജ്യവും വീടും മിസ്സ് ചെയ്യുന്നു എന്നും അതുകൊണ്ട് ഇംഗ്ലണ്ടിലേക്ക് പോകാൻ അനുവദിക്കണം എന്നുമാണ് സാഞ്ചോ ആവശ്യപ്പെടുന്നത്.
താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെ പ്രമുഖ ഇംഗ്ലീഷ് പ്രീമിയർ ക്ലബുകളെല്ലാം രംഗത്തുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യം തന്നെയാണ് ജേഡൻ സാഞ്ചോ. എന്നാൽ കൊറോണ കാരണം ഉണ്ടായ സാഹചര്യങ്ങൾ പരിഗണിച്ച് ഡോർട്മുണ്ട് താരത്തിന്റെ വില കുറക്കണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാഞ്ചോയ്ക്കായി ഡോർട്മുണ്ട് 110 മില്യണോളം ആവശ്യപ്പെട്ടതിനാൽ യുണൈറ്റഡ് പിറകോട്ട് പോകുന്ന സാഹചര്യത്തിലാണ് താരം തന്നെ രംഗത്ത് വന്നിരിക്കുന്നത്.
എന്തായാലും പുതിയ സംഭവങ്ങൾ ഡോർട്മുണ്ടിനെ സമ്മർദ്ദത്തിലാക്കും. താരത്തെ വിൽക്കുക എന്നത് ഡോർട്മുണ്ടിന് നിർബന്ധമാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ ഉടൻ നീങ്ങാൻ സാധ്യതയുണ്ട്.