ഫ്രീ ട്രാൻസ്ഫറിൽ എന്നും മികവു കാണിച്ചിട്ടുള്ള യുവന്റസ് മറ്റൊരു വലിയ ഫ്രീ ട്രാൻസ്ഫർ സൈനിംഗിനായി ഒരുങ്ങുന്നതായി വാർത്തകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയയെ സൈൻ ചെയ്യാനാണ് ശ്രമിക്കുന്നത് ഡിഹിയ മാഞ്ചസ്റ്ററിൽ തന്റെ കരാറിന്റെ അവസാന വർഷത്തിലാണ്. അവസാന രണ്ടു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ഹിയയുമായി പുതിയ കരാർ ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും താരം കരാറുകൾ ഒന്നും ഇതുവരെ അംഗീകരിച്ചില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ കിരീടങ്ങൾ നേടാൻ കഴിയുമെന്ന് ഉറപ്പ് ഇല്ലാത്തതിനാലാണ് ഡിഹിയ ക്ലബ് വിടാൻ ആലോചിക്കുന്നത്. അവസാന കുറേ സീസണുകളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരമായിരുന്നു ഡി ഹിയ. താരത്തിന് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വലിയ ശമ്പളം ഉള്ള കരാർ ആണ് യുണൈറ്റഡ് വാഗ്ദാനം ചെയ്തത്. എന്നാൽ അതും ഇതുവരെ ഡി ഹിയ അംഗീകരിച്ചില്ല. ഈ അവസരം മുതലെടുക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്. ജനുവരിയിൽ ഡി ഹിയയുമായി ചർച്ച നടത്തി കരാറിൽ എത്താനാണ് യുവന്റസ് ശ്രമിക്കുന്നത്. ജനുവരി മുതൽ ക്ലബ് വിടാനുള്ള അവകാശം ഡി ഹിയക്ക് ഉണ്ട്. ജനുവരിൽ കരാർ ഒപ്പുവെച്ച് സമ്മർ മുതൽ തങ്ങളുടെ ടീമിൽ ഡിഹിയയെ കളിപ്പിക്കാൻ ആകുമെന്ന് യുവന്റസ് പ്രതീക്ഷിക്കുന്നു.