ബാഴ്സലോണയുടെ ബ്രസീലിയൻ താരം കൗട്ടീനോ ക്ലബ് വിടാൻ സാധ്യത ഇല്ല. കൊറോണ കാരണം ഫുട്ബോൾ ക്ലബുകൾ എല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇത് വലിയ ട്രാൻസ്ഫറുകൾ നടത്താൻ ക്ലബുകൾക്ക് കഴിയാത്ത അവസ്ഥയിലേക്ക് ആണ് എത്തിച്ചിരിക്കുന്നത്. കൗട്ടീനോയ്ക്ക് ആണെങ്കിൽ ബാഴ്സലോണ ഇപ്പോഴും വലിയ ട്രാൻസ്ഫർ തുകയാണ് ആവശ്യപ്പെടുന്നത്.
കൗട്ടീനോയ്ക്ക് വേണ്ടി ലോൺ കരാർ വാദാനം ചെയ്ത് നിരവധി യൂറോപ്യൻ ക്ലബുകൾ രംഗത്തുണ്ട്. എന്നാൽ ലോണിൽ താരത്തെ ഇനിയും ക്ലബിനു പുറത്തേക്ക് വിടേണ്ട എന്നാണ് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ പറയുന്നത്. സെറ്റിയന് കൗട്ടീനീയെ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയും എന്ന് വിശ്വാസമുണ്ട്. അദ്ദേഹം തന്നെ ഇത് കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇപ്പോൾ ബയേൺ മ്യൂണിക്കിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയാണ് കൗട്ടീനോ. സീസൺ അവസാനം കൗട്ടീനോ തിരിച്ചുവന്നാൽ താരത്തെ നിലനിർത്താൻ ആണ് തന്റെ ആഗ്രഹം എന്ന് സെറ്റിയെൻ പറഞ്ഞിരുന്നു. ബാഴ്സലോണയിൽ രണ്ടു സീസൺ മുമ്പ് വലിയ പ്രതീക്ഷയിൽ ആണ് കൗട്ടീനോ എത്തിയത് എങ്കിലും ഇത് വരെ ബാഴ്സലോണ ജേഴ്സിയിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞിട്ടില്ല.