ഫ്രഞ്ച് ക്ലബായ റെന്നെസിന്റെ അത്ഭുത ബാലൻ എഡ്വാർഡോ കാമവിംഗയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. 17കാരനായ താരത്തെ അവസാന വർഷങ്ങളിൽ റയൽ മാഡ്രിഡ് സ്കൗട്ട് ചെയ്യുന്നുണ്ടായിരുന്നു. 16ആം വയസ്സിൽ ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം നടത്തിക്കൊണ്ട് കാമവിംഗ ഈ കഴിഞ്ഞ സീസണിലെ റെന്നെസിന്റെ പ്രകടനത്തിൽ വലിയ പങ്കു അഹിച്ചു. റെന്നെസിന്റെ ചരിത്രത്തിലെ ആദ്യമായ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും കാമവിംഗയ്ക്ക് വലിയ റോൾ ഉണ്ടായിരുന്നു.
റെന്നെസിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന മധ്യനിര താരം ഈ സീസണിൽ സീനിയർ ടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഇതിനകം റെന്നെസിനായി 30ൽ അധികം മത്സരങ്ങൾ കാമവിംഗ കളിച്ചു കഴിഞ്ഞു. ഫ്രഞ്ച് അണ്ടർ 21 ടീമിലും താരം എത്തിയിട്ടുണ്ട്. താരത്തെ സ്വന്തമാക്കണം എങ്കിൽ റയൽ വലിയ വില തന്നെ നൽകേണ്ടി വരും. കസമേറോയുടെ പിന്തുടർച്ചക്കാരനായാണ് കാമവിംഗയെ റയൽ മാഡ്രിഡ് കണക്കാക്കുന്നത്.