ഇന്റർ മിലാൻ മുൻ ക്യാപ്റ്റൻ മൗരോ ഇക്കാർഡിയെ അർജന്റീനയിൽ തിരികെയെത്തിക്കാൻ ശ്രമിച്ച് ബൊക്ക ജൂനിയേഴ്സ്. ബൊക്ക പ്രസിഡന്റ് ഡാനിയേൽ അഗ്നെലിസിയാണ് ഇന്ററുമായി ഇക്കാർഡിയെക്കുറിച്ച് സംസാരിച്ച കാര്യം വെളിപ്പെടുത്തിയത്.
അന്റോണിയോ കോണ്ടേയുടെ ഇന്റർ മിലാൻ സ്ക്വാഡിൽ ഈ സീസണിൽ ഇക്കാർഡി ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്. യുവന്റസിലേക്ക് പോവാനാണ് ഇക്കാർഡിക്ക് താത്പര്യമെന്ന രീതിയിൽ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അർജന്റീനയിൽ ഇതുവരെ ക്ലബ്ബ് ഫുട്ബോൾ കളിച്ചിട്ടില്ല ഇക്കാർഡി.
2008ൽ ബാഴ്സ അക്കാദമിയിൽ ചേർന്ന ഇക്കാർഡി 2011ൽ സാമ്പ്ടോറിയക്ക് വേണ്ടിക്കളിച്ചു. 13 മില്ല്യൺ യൂറോയ്ക്ക് 2013ൽ ഇന്ററിൽ എത്തിയ ഇക്കാർഡി 219 മത്സരങ്ങളിൽ ബൂട്ടണിയുകയും 124 ഗോളടിക്കുകയും ചെയ്തിരുന്നു. അർജന്റീനിയൻ ദേശീയ ടീമിനായി 8 മത്സരങ്ങളിൽ മാത്രം ബൂട്ട് കെട്ടിയ ഇക്കാർഡിയുടെ സമ്പാദ്യം ഒരു ഗോൾ മാത്രമാണ്. പഴയ വിവാദങ്ങളുടെ പേരിൽ അർജന്റീനിയൻ ടീമിൽ നിന്നും തഴയപ്പെടുന്ന താരമാണ് ഇക്കാർഡി. ബൊക്കയിലേക്കെത്തിയാൽ ദേശീയ ടീമിൽ തീരികെയെത്താനുള്ള സാധ്യതകളുമുണ്ട്.