ഐ ലീഗിൽ മിന്നുന്ന ഫോമിൽ കളിച്ച മലയാളി താരം ജോബി ജസ്റ്റിന്റെ എ ടി കെ കൊൽക്കത്തയിലേക്കുള്ള നീക്കം നിയമ വിരുദ്ധമാണെന്ന് ഈസ്റ്റ് ബംഗാൾ. തങ്ങളുമായി കരാറിൽ ഇരിക്കെ ആണ് എ ടി കെ നിബന്ധനകൾ ലംഘിച്ചു കൊണ്ട് ജോബിയെ സൈൻ ചെയ്തത് എന്ന് ഈസ്റ്റ് ബംഗാൾ പറയുന്നു. എ ഐ എഫ് എഫിൽ ഇതു സംബന്ധിച്ച് ഈസ്റ്റ് ബംഗാൾ പരാതി നൽകി.
ഉടൻ തന്നെ എ ഐ എഫ് എഫ് ഇതിനെ കുറിച്ച് അന്വേഷിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. കൊൽക്കത്ത ഫുട്ബോൾ അസോസിയേഷന്റെ ടോക്കൺ സിസ്റ്റം ആണ് ഈസ്റ്റ് ബംഗാൾ തങ്ങളുടെ വാദം ന്യായീകരിക്കാൻ ഉപയോഗിക്കുന്നത്. ജോബിയുടെ ടോക്കൺ തങ്ങളുടെ കയ്യിൽ ആണെന്നാണ് ഈസ്റ്റ് ബംഗാൾ പറയുന്നത്. എന്നാൽ ടോക്കൺ സിസ്റ്റം നിയമ വിരുദ്ധമാണെന്ന് നേരത്തെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിലപാട് എടുത്തിരുന്നു.
ഏകദേശം 70 ലക്ഷത്തോളം നൽകിയാണ് ജോബിയെ എ ടി കെ സ്വന്തമാക്കിയത്. ഈ കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി 9 ഗോളുകൾ ജോബി നേടിയിട്ടുണ്ട്. ഈസ്റ്റ് ബംഗാളിന്റെ ഈ സീസണിലെ ടോപ് സ്കോററും ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്കോററുമായാണ് ജോബി ജസ്റ്റിൻ.