സ്പാനിഷ് സൂപ്പർ താരം ഫെർണാണ്ടോ ടോറസിനു പരാജയത്തോടെ ജെ ലീഗ് അരങ്ങേറ്റം. ജാപ്പനീസ് ലീഗിലെ സാഗൻ ടോസുവിന്റെ താരമാണ് ഇപ്പോൾ ടോറസ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് വേഗൾട്ട സെൻഡായിയോട് സാഗൻ ടോസു പരാജയപ്പെട്ടത്. എൺപത്തിയേഴാം മിനുട്ടിൽ തകുമാ നിഷിമുറയിലൂടെയായിരുന്നു വേഗൾട്ട സെൻഡായിയുടെ വിജയം. റെലെഗ്‌ഷൻ ഭീഷണി നേരിടുന്ന സാഗൻ ടോസുവിനു ടോറസിന്റെ വരവ് ആശ്വാസമായിട്ടുണ്ട്.
ജെ ലീഗിൽ തുടർച്ചയായ അഞ്ചാം പരാജയമാണ് സാഗൻ ടോസുവിന്റേത്. അൻപതാം മിനുട്ടിലാണ് സ്പാനിഷ് സൂപ്പർ താരം സാഗൻ ടോസുവിനു വേണ്ടി കളത്തിലിറങ്ങിയത്. ഒട്ടേറെ അവസരങ്ങൾ ടോറസ് ക്രിയേറ്റ് ചെയ്‌തെങ്കിലും ഗോളകന്നു തന്നെ നിന്നു. തകർപ്പൻ സ്വീകരണമാണ് ജാപ്പനീസ് ആരാധകരിൽ നിന്നും ടോറസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർ താരത്തിന് വേണ്ടി സാഗൻ ടോസു ആരാധകർ ഒരു പാട്ട് വരെ ഉണ്ടാക്കിയിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിനോടൊപ്പം യൂറോപ്പ ലീഗ് ഉയർത്തിയാണ് ടോറസ് സ്‌പെയിൻ വിട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
