ഇന്ന് ഇന്ത്യ സിറിയ പോരാട്ടം

- Advertisement -

ഇന്റർ കോണ്ടിനെന്റൽ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ ഇന്ന് ഇന്ത്യ സിറിയയെ നേരിടും. ഫൈനൽ പ്രതീക്ഷ അവസാനിച്ച ഇന്ത്യ ഒരു ജയത്തിനു വേണ്ടി തന്നെ ആകും ഇന്നു നോക്കുക. ഇന്ത്യയേക്കാൾ ശക്തമായ സിറിയക്കെതിരെ ഒരു വിജയം നേടാൻ ഇന്ത്യക്ക് ആകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്‌. സ്റ്റിമാചിന്റെ കീഴിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിക്കുന്നതിന്റെ ലക്ഷണങ്ങൾ ഇന്ത്യ കാണിക്കുന്നുണ്ട്. പക്ഷെ ഫലങ്ങൾ ഇല്ലാത്തത് ആരാധകരെ നിരാശയിലാക്കുന്നു‌‌ണ്ട്.

സ്റ്റിമാചിന് കീഴിൽ കളിച്ച നാലു മത്സരങ്ങളിൽ മൂന്നും ഇന്ത്യ പരാജയപ്പെട്ടു. അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി 9 ഗോളുകൾ ഇന്ത്യ വഴങ്ങി. ഡിഫൻസ് തന്നെ ആകും ഇന്നും ഇന്ത്യയുടെ തലവേദന. ജിങ്കൻ പരിക്ക് കാരണം കളിക്കില്ല എന്ന് ഉറപ്പായതോടെ ആദിലിന് തന്നെ ആകും ഇന്നത്തെ ഡിഫൻസീവ് ചുമതല.

പരീക്ഷണങ്ങൾ ഇല്ല എന്നും തന്റെ ആദ്യ ഇലവനെ തനിക്ക് മൻസ്സിലായെന്നും സ്റ്റിമാച് കൊറിയക്ക് എതിരായ മത്സര ശേഷം പറഞ്ഞിരുന്നു. കഴിഞ്ഞ കളിയിൽ ബെഞ്ചിൽ ആയിരുന്ന സഹൽ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ന് വിജയിച്ചാൽ ഫൈനൽ പ്രതീക്ഷ ഉള്ളതിനാൽ ജയിക്കാൻ തന്നെ ആകും സിറിയ ശ്രമിക്കുക. രാത്രി 8 മണിക്കാണ് മത്സരത്തിന്റെ കിക്കോഫ്.

Advertisement