ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിന് ആശ്വാസമായി, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പുതിയ ഭരണഘടനയ്ക്ക് സുപ്രീം കോടതി അംഗീകാരം നൽകി. ഇതോടെ വർഷങ്ങളായി നിലനിന്നിരുന്ന നിയമപരമായ തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമായി. ജസ്റ്റിസുമാരായ ശ്രീ നരസിംഹ, എ.എസ്. ചന്ദൂർകർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രഖ്യാപിച്ചത്. നാല് ആഴ്ചകൾക്കുള്ളിൽ പുതിയ ഭരണഘടന അംഗീകരിക്കാൻ എ.ഐ.എഫ്.എഫിനോട് കോടതി നിർദ്ദേശിച്ചു. ഈ വർഷം പുതിയ തിരഞ്ഞെടുപ്പുകൾ ആവശ്യമില്ലെന്നും 2026-ൽ മാത്രം തിരഞ്ഞെടുപ്പ് മതിയെന്നും കോടതി വ്യക്തമാക്കി.

ഇതോടെ നിലവിലെ എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേയ്ക്കും അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും കാലാവധി പൂർത്തിയാക്കാൻ കഴിയും.
മുൻ ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കി കോടതിയുടെ മേൽനോട്ടത്തിൽ മാറ്റങ്ങൾ വരുത്തിയ പുതിയ ഭരണഘടന, ഇന്ത്യൻ ഫുട്ബോളിന്റെ ഭരണപരമായ കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കും. ഭാരവാഹികൾക്ക് പ്രായപരിധിയും കാലാവധിയും നിശ്ചയിക്കുക, സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുക, ഭാരവാഹികളെ നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ മാറ്റങ്ങളാണ് പുതിയ ഭരണഘടനയിലുള്ളത്.
ഈ വിധി വളരെ കൃത്യ സമയത്താണ് വന്നിരിക്കുന്നത്. ഇത് ഫിഫയുടെ വിലക്കുകൾ ഒഴിവാക്കാൻ സഹായിക്കുകയും, ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) പോലുള്ള ടൂർണമെന്റുകളെയും മറ്റ് വാണിജ്യ കരാറുകളെയും സംബന്ധിച്ച ചർച്ചകൾക്ക് വഴി തുറക്കുകയും ചെയ്യും.