ദുബായ്, യുഎഇ — ആദ്യ സീസണിലെ മികച്ച വിജയത്തിന് ശേഷം, കേരളത്തിൻ്റെ സ്വന്തം ലീഗായ സൂപ്പർ ലീഗ് കേരള സീസൺ 2ൻ്റെ ഗംഭീര അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കേരള ഫുട്ബോൾ ഉത്സവത്തിൻ്റെ അടുത്ത അധ്യായത്തിന് ആവേശകരമായ തുടക്കം കുറിച്ച് കൊണ്ടുള്ള ഔദ്യോഗിക സീസൺ കർട്ടൻ റൈസർ സെപ്റ്റംബർ 21 ന് വൈകുന്നേരം 6:00 ന് (യുഎഇ സമയം) ദുബായിലെ അൽ നഹ്ദയിലുള്ള അൽ അഹ്ലി സ്പോർട്സ് ഹാളിൽ നടക്കും.

പ്രധാന വിശിഷ്ടാതിഥികളും ലീഗിന്റെ പങ്കാളികളും ചടങ്ങിൽ പങ്കെടുക്കും. എസ്.എൽ.കെ. ഡയറക്ടറും സി.ഇ.ഒ.യുമായ മാത്യു ജോസഫ്, മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് നവാസ് മീരാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ, ബേസിൽ ജോസഫ്, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് സുകുമാരൻ, സഞ്ജു സാംസൺ, ആസിഫ് അലി, ശശി തരൂർ എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റി ക്ലബ് ഉടമകളും അംബാസഡർമാരും ചടങ്ങിൽ പങ്കെടുക്കും.
കർട്ടൻ റൈസറിൽ പുതിയ സീസണിനായുള്ള പ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും, സീസൺ 2 ൻ്റെ ഔദ്യോഗിക മാച്ച് ബോൾ അനാച്ഛാദനവും, ആരാധകരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ലീഗിന്റെ ആഗോള ഡിജിറ്റൽ സാന്നിധ്യം വികസിപ്പിക്കാനും ലക്ഷ്യമിടുന്ന എസ്.എൽ.കെ.യുടെ ഡിജിറ്റൽ പങ്കാളിയെയും ചടങ്ങിൽ പ്രഖ്യാപിക്കും. ഔദ്യോഗിക ചടങ്ങുകൾക്ക് പുറമെ, ദുബായിലെ ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട സൂപ്പർ ലീഗ് കേരളയിലെ പ്രിയ ക്ലബ്ബുകൾക്കായി ഒത്തുചേരാനും, പ്രവാസി മലയാളികളിലേക്ക് സൂപ്പർ ലീഗ് കേരളയെ എത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് സൂപ്പർ ലീഗ് കേരളയുടെ കർട്ടൻ റൈസർ ദുബായിൽ സംഘടിപ്പിക്കുന്നത്.
ENDS