സൂപ്പർ ലീഗിൽ നാളെ ക്ലാസിക് പോരാട്ടം, മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും

Newsroom

Picsart 25 10 17 19 42 12 504
Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ മലപ്പുറവും കാലിക്കറ്റും നാളെ (19-10-2025) കച്ചകെട്ടിയിറങ്ങുന്നു. വൈകീട്ട് 7.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കണ്ണൂർ വാരിയേർസുമായി മലപ്പുറം എഫ്സി സമനിലയിൽ പിരിഞ്ഞിരുന്നു. അതേ സമയം കാലിക്കറ്റ് ആണെങ്കിൽ തൃശ്ശൂർ മാജിക് എഫ്സിയുമായി സ്വന്തം തട്ടകത്തിൽ ഒരു ഗോളിന് തോൽക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.

1000292627

മലപ്പുറം തൃശ്ശൂരിനെയും കാലിക്കറ്റ് എഫ്‌സി ഫോഴ്‌സ കൊച്ചിയെയും ആദ്യ മത്സരത്തിൽ പരാജയപെടുത്തിയിരുന്നു. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് മലപ്പുറത്തിന്റെ സമ്പാദ്യം .കാലിക്കറ്റിന് രണ്ട് മത്സരത്തിൽ നിന്നും മൂന്ന് പോയിന്റുമാണുള്ളത് .

കഴിഞ്ഞ രണ്ടു കളിയിലും ക്ലീൻഷീറ്റ് നേടിയാണ് മലപ്പുറം വരുന്നത്. കാലിക്കറ്റാകട്ടെ രണ്ടു കളികളിലും ഗോൾ വഴങ്ങിയിരുന്നു. ഗോൾകീപ്പർ അസ്ഹറും പ്രതിരോധ നിരയിൽ ഐറ്റർ, ഹക്കു, ജിതിൻ, നിധിൻ മധു തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണെന്നുള്ളത് മലപ്പുറത്തിന് പോസിറ്റീവ് ഘടകമാണ്. മുന്നേറ്റത്തിൽ ബദ്ർ, ഫാകുണ്ടോ, റോയ് കൃഷണ ,ഗനി ,അഭിജിത്ത് തുടങ്ങിയ താരങ്ങളും താളം കണ്ടെത്തിയിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. കഴിഞ്ഞ മൽസരത്തിനിറങ്ങിയ ആദ്യ ഇലവനിൽ കോച്ച് മിഗ്വേൽ കോറൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യത കുറവാണ്.

ആദ്യ സീസണിൽ കാലിക്കറ്റിനെ കിരീടത്തിലേക്ക് നയിച്ച അബ്ദുൽ ഹക്കു,ഗനി നിഗം, ജോൺ കെന്നഡി എന്നീ പ്രധാന താരങ്ങൾ ഇത്തവണയുള്ളത് മലപ്പുറത്തിൻറെ തട്ടകത്തിലാണ്. തീർച്ചയായും പയ്യനാട് ഒരു ക്ലാസിക് പോരാട്ടത്തിനാകും നാളെ വേദിയാകാൻ പോകുന്നത്. തങ്ങളുടെ ചിരവൈരികളായ കാലിക്കറ്റിനെ എന്ത് വിലകൊടുത്തും പയ്യനാട് സ്റ്റേഡിയത്തിൽ തോൽപിച്ച് വിടണമെന്നാണ് ഓരോ മലപ്പുറം ആരാധകനും ആഗ്രഹിക്കുന്നതും. അത്കൊണ്ട് തന്നെ മലപ്പുറത്തിൻറെ കഴിഞ്ഞ ഓരോ കളികൾക്കും ഗാലറി നിറഞ്ഞത് പോലെ ഈ പ്രാവശ്യവും ആരാധകരെ കൊണ്ട് സ്റ്റേഡിയം നിറഞ്ഞൊഴുകുമെന്നതിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കാലിക്കറ്റിനായിരുന്നു മുൻതൂക്കം.ഹോമിലും എവേയിലും അവർ മലപ്പുറത്തെ പരാജയപ്പെടുത്തിയിരുന്നു. അത്കൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ തോൽവികൾക്ക് പകരം വീട്ടാൻ മലപ്പുറത്തിൻറെ ചുണകുട്ടികൾക്കാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.