മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലെ വരുന്ന മൽസരങ്ങൾക്ക് മുന്നോടിയായി തങ്ങളുടെ എവേ ജേഴ്സി പുറത്തിറക്കി മലപ്പുറം ഫുട്ബോൾ ക്ലബ്. ഇത്തവണ ആരാധകർക്കെല്ലാം കൂടുതൽ ഇഷ്ട്ടപ്പെടുന്ന രീതിയിലാണ് എവേ ജേഴ്സി ഒരുക്കിയിട്ടുള്ളത്. വെള്ള, ഓറഞ്ച് എന്നീ നിറങ്ങൾ ഉൾപ്പെടുത്തിയാണ് എവേ കിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടീമിൻറെ സമൂഹ മാധ്യമങ്ങളിലൂടെയാണ് എവേ കിറ്റ് പുറത്തിറക്കിയത്.നേരത്തെ ഇറക്കിയ ഹോം കിറ്റ് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. നീല, ഓറഞ്ച് എന്നീ നിറങ്ങളിലായിരുന്നു ഹോം കിറ്റ് ഒരുക്കിയത്.

കഴിഞ തവണ ആദ്യമായി എംഎഫ്സിയുടെ ജേഴ്സികൾ ഒരുക്കിയ ഹമ്മൽ തന്നെയാണ് ഈ സീസണിലും കിറ്റുകൾ തയ്യാറാക്കിയിട്ടുള്ളത്. ഡാനിഷ് സ്പോർട്സ്‌വെയർ ബ്രാൻഡായ ഹമ്മൽ അന്താരാഷ്ട്ര തലത്തിൽ നിരവധി ക്ലബുകൾക്കും ദേശീയ ടീമുകൾക്കും കിറ്റുകൾ തയ്യാറാക്കുന്നുണ്ട്, ഇന്ത്യൻ ഫുട്ബോളിൽ തന്നെ ഐഎസ്എൽ, ഐ-ലീഗ് ടീമുകൾക്കും ഹമ്മൽ ഇന്ത്യ ജേഴ്സികൾ ഒരുക്കിയിട്ടുണ്ട്.
 
					













