കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സിന്റെ 2025-26 സീസണിലെ പുതിയ ട്രെയിനിംഗ് കിറ്റ് പുറത്തിറക്കി. കടലിന്റെ പുതുമയും ഉത്സാഹവും പ്രതിനിധീകരിക്കുന്ന കോസ്റ്റല്‍ ബ്ലൂ നിറം മുഖ്യ നിറമായി ഉപയോഗിച്ചിരിക്കുന്നതിനൊപ്പം കണ്ണൂരിന്റെ സൂര്യപ്രകാശം നിറഞ്ഞ കടല്‍ത്തീരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വര്‍ണ്ണ അലങ്കാരങ്ങള്‍ കൂടി ചേര്‍ന്നതാണ് ട്രെയിനിംഗ് കിറ്റിന്റെ നിറം.
സംസ്‌കാരത്തിന്റെ ഊര്‍ജവും നാട്ടിന്റെ അഭിമാനവും വിളിച്ചോതുന്ന രീതിയില്‍ തെയ്യം മുദ്രകളും കൈത്തറി സ്പര്‍ശങ്ങളും സമന്വയിപ്പിച്ചാണ് പുതിയ കിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ”വീരന്മാരുടെ നാട്” എന്നറിയപ്പെടുന്ന കണ്ണൂരിന്റെ ഊര്‍ജവും അഭിമാനവും പുതുതായി പുറത്തിറങ്ങിയ ഈ കിറ്റില്‍ കാണാം. ”ഈ ജേഴ്‌സി വെറും വസ്ത്രമല്ല, അത് നമ്മുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്നതാണെന്ന് ക്ലബ് അറിയിച്ചു.
സമൂഹ്യമാധ്യമത്തില്‍ പ്രത്യേകം നടത്തിയ മത്സരത്തില്‍ നിന്നാണ് പുതിയ കിറ്റ് വിഭാവന ചെയ്തത്. ആദ്യ നടത്തിയ ആശയങ്ങള്‍ പങ്കുവെക്കാനുള്ള മത്സരത്തില്‍ ആല്‍വിന്‍ നല്‍കിയ ആശയം തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ഡിസൈന്‍ ചെയ്യാനുള്ള മത്സരത്തില്‍ തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി അമല്‍ കൃഷ്ണ പി.എസ് നല്‍കിയ ഡിസൈനില്‍ പുതിയ സീസണിലെ ട്രെയിനിംഗ് കിറ്റ് രൂപകല്‍പന ചെയ്യ്തു.




