കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ഹോം സ്‌റ്റേഡിയമായ കണ്ണൂര്‍ മുന്‍സിപ്പിള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പെയിന്റിംങ് പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തില്‍. സ്‌റ്റേഡിയത്തിന്റെ സൗത്ത് ഗ്യാലറിയില്‍ പെയിന്റിംങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ചുവപ്പ്, വെള്ള നിറത്തിലാണ് ഗ്യാലറികളുടെ പെയിന്റിംങ് നടത്തുന്നത്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഹോം, എവേ ജേഴ്‌സിയുടെ നിറമാണ് ഗ്യാലറിയുടെ നിറമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇനി നോര്‍ത്ത് ഗ്യാലറിയും മറഡോണ പവലിയനും പെയിന്റിംങ് പൂര്‍ത്തിയാകാനുണ്ട്. നോര്‍ത്ത് ഗ്യാലറിയിലെ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട് അവസാനഘട്ടത്തിലാണ്.
മത്സരത്തിനുള്ള രണ്ട് പുതിയ ഗോള്‍പോസ്റ്റുകളും സ്ഥാപിച്ചു. കഴിഞ്ഞ സീസണില്‍ ജില്ലാ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗോള്‍പോസ്റ്റ് തകര്‍ന്നു വീണിരുന്നു. താല്‍ക്കാലികമായി വെല്‍ഡിംങ് ചെയ്തായിരുന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. കൂടാതെ മത്സര ദിവസം പരിശീലനത്തിനുള്ള എടുത്ത് മാറ്റാന്‍ സാധിക്കുന്ന രണ്ട് ഗോള്‍പോസ്റ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്.
മത്സരത്തിനുള്ള ഫ്‌ളഡ് ലൈറ്റുകള്‍, താല്‍കാലിക ഡ്രസ്സിംങ് റൂം, മെഡിക്കല്‍റൂം, മീഡിയ പവലിയന്‍ തുടങ്ങിവയുടെ പ്രവര്‍ത്തികള്‍ അടുത്ത ആഴ്ച ആരംഭിക്കും. നവംബര്‍ ആദ്യ വാരത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കൃത്യമായ തിയ്യതി സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചിട്ടില്ല.