സൗഹൃദ മത്സരം: കണ്ണൂര്‍ വാരിയേഴ്‌സിന് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജയം

Newsroom

Picsart 25 09 21 14 09 02 168

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളക്ക് തയ്യാറെടുക്കുന്ന കണ്ണൂര്‍ വാരിയേഴ്‌സിന് ആദ്യ സൗഹൃദ മത്സരത്തില്‍ ജയം. എസ്.എന്‍.ജി.സി കോളേജ് പട്ടാമ്പിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കണ്ണൂര്‍ വാരിയേഴ്‌സ് പരാജയപ്പെടുത്തിയത്. കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി എബിന്‍ ദാസ്, അസിയര്‍ ഗോമസ്, മുഹമ്മദ് സിനാന്‍, അര്‍ജുന്‍ എന്നിവര്‍ ഗോള്‍ നേടി.
35 ാം മിനുട്ടില്‍ എബിന്‍ ദാസ് ആണ് ആദ്യം ഗോള്‍ നേടിയത്. എസ്.എന്‍.ജി.സി കോളേജ് പ്രതിരോധ താരം വരുത്തിയ പിഴവില്‍ നിന്ന് കിട്ടിയ അവസരം സ്‌ട്രൈക്കര്‍ അബ്ദു കരീം സാംബ കൃത്യമായി ബോക്‌സിലേക്ക് നല്‍കി. പ്രതിരോധ താരങ്ങളുടെ പിന്നില്‍ നിന്ന് ഓടി കയറിയ എബിന്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.

1000271607


രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോള്‍ പിറന്നത്. 49 ാം മിനുട്ടില്‍ ഇടതു വിങ്ങിലൂടെ ബോളുമായി ഓടി കയറിയ ഗോകുല്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കി. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന സ്പാനിഷ് താരം അസിയര്‍ ഗോമസ് സ്വീകരിച്ച് സെക്കന്റ് പോസ്റ്റിലേക്ക് ഗോളാക്കി മാറ്റി. 74ാം മിനുട്ടില്‍ മുഹമ്മദ് സിനാന്‍ ഗോള്‍ നേടി. ഇടത് വിങ്ങില്‍ നിന്ന് സന്ദീപ് നല്‍കിയ ക്രോസ് വിദഗ്ധമായി ടാപ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. 89 ാം മിനുട്ടില്‍ വീണ്ടും ഇടത് വിങ്ങില്‍ നിന്ന് സന്ദീപ് നല്‍കിയ ക്രോസ് അര്‍ജ്ജുന്‍ ഗോളാക്കി മാറ്റി.