ഈസ്റ്റ് ബംഗാളും ഒഡീഷ എഫ് സിയും തമ്മിലുള്ള സൂപ്പർ കപ്പ് ഗ്രൂപ്പ് പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഒരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. ഒഡിഷയുടെ മുന്നേറ്റംത്തോടെയാണ് ഇന്ന് കളി ആരംഭിച്ചത്. ആദ്യ മിനുട്ടിൽ തന്നെ ബോക്സിന് പുറത്ത് നിന്ന് നന്ദകുമാർ എടുത്ത ഷോട്ട് ഈസ്റ്റ് ബംഗാൾ പ്രതിരോധ താരത്തിൻ്റെ കാലിൽ തട്ടി പുറത്തേക്ക് പോയി.
തൊട്ട് പിന്നാലെ ഈസ്റ്റ് ബംഗാൾ എഫ്.സി ആക്രമണം നടത്തി തുടരെ രണ്ട് കോർണറുകൾ നേടിയെടുത്തെങ്കിലും ഫലം കണ്ടില്ല.
ഏഴാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ക്ലെയിറ്റൻ സിൽവയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് താരം ബോക്സിലേക്ക് നൽകിയെങ്കിലും സർഥക് ഗൊലോയുടെ ഹെഡർ പുറത്തേക്ക് പോയി.
ഐ.എസ്. എൽ ഗോൾഡൻ ബൂട്ട് ജേതാവ് ഡീഗോ മൗറീസിയോ മുന്നിൽ നിർത്തിയായിരുന്നു ഒഡിഷയുടെ മുന്നേറ്റം 11-ാം മിനിറ്റിൽ ബോക്സിൽ നിന്നു മൗറീസിയോയുടെ ഷോട്ട് ബംഗാൾ കീപ്പർ കമൽജിത് സിങ് ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. റീബൗണ്ട് ലഭിച്ച പന്ത് നന്ദകുമാർ ലക്ഷൃത്തിലേക്ക് തൊടുത്തെങ്കിലും ഓഫ് സൈഡ് കെണിയിൽ വീണു. ഒഡിഷ മുന്നേട്ടങ്ങൾ തുടർന്നു കൊണ്ടിരുന്നു.
കളിയുടെ ഗതിക്ക് വിപരീതമായി 38 ആം മിനുട്ടിൽ ഈസ്റ്റ് ബംഗാളിന്റെ ഗോൾ വന്നു. ഒഡിഷ പ്രതിരോധ താരം നരേന്ദ്രന്റെ കാലിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട പന്ത് കൈക്കലാക്കി ഈസ്റ്റ് ബംഗാൾ മിഡ്ഫീൽഡർ മുഹമ്മദ് മുബഷിർ ഗോൾ പോസ്റ്റിന്റെ വലത് മൂലയോട് ചേർന്നടിച്ച് ഗോളാക്കി.
സെക്കന്റ് ഹാഫ് തുടക്കത്തിൽ തന്നെ മലയാളി താരം വി പി സുഹൈറിനെ ഈസ്റ്റ് ബംഗാൾ കളത്തിലിറക്കി. 49 ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ താരം ജാക്കെ മാരിയോയുടെ ഷോട്ട് ഒഡിഷ ഗോൾ കീപ്പർ അമരീന്ദർ സിംഗ് തട്ടിയകറ്റി. ആദ്യ പകുതിക്ക് വിഭിന്നമായി ഈസ്റ്റ് ബംഗാൾ ആണ് കൂടുതൽ ഉണർന്ന് കളിച്ചത്. ഇരു വിങ്ങിലൂടെയും ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളായില്ല.
73 ആം മിനുട്ടിൽ മൗറീസിയോ ഇടത് വിങ്ങിൽ നിന്നും ബോക്സിലേക്ക് നൽകിയ അളന്ന് മുറിച്ച ക്രോസ്സ് നന്ദകുമാർ ഗോളാക്കി മാറ്റി.
ഒഡിഷ കളി സമനിലയിലെത്തിച്ചു.
ഒഡിഷക്ക് അടുത്ത മത്സരം ഐസോളുമായും ഈസ്റ്റ് ബംഗാളിന് ഹൈദരാബാദ് എഫ്സിയുമായുമാണ്. ഏപ്രിൽ 13 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഇരു ടീമുകൾക്കും മത്സരം.