കലിംഗ സൂപ്പർ കപ്പിൽ ഇന്ന് രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിയോട് പരാജയപ്പെട്ടു. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ജംഷദ്പൂർ വിജയിച്ചത്. ദിമി ബ്ലാസ്റ്റേഴ്സിനായി രണ്ട് ഗോൾ നേടി എങ്കിലും പരാജയം ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല.
മത്സരത്തിന്റെ 29ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. ഡെയ്സുകെയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ദിമിത്രിയോസ് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0. എന്നാൽ ഈ ലീഡ് അധികം നീണ്ടു നിന്നില്ല. 33ആം മിനുട്ടിൽ തന്നെ ജംഷദ്പൂർ സമനില നേടി. ചിമ ചുക്വു ആണ് അവരുടെ സമനില ഗോൾ നേടിയത്. സ്കോർ 1-1. ഇതിനു ശേഷം അധികം അവസരങ്ങൾ ആദ്യ പകുതിയിൽ ഇരു ടീമുകളിൽ നിന്നും വന്നില്ല.
രണ്ടാം പകുതിയിൽ ചിമ വീണ്ടും ജംഷദ്പൂരിനായി വല കുലുക്കി. 57ആം മിനുട്ടിൽ ആയിരുന്നു ചിമ ചുക്വുവിന്റെ ഗോൾ. 62ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും ഒരു പെനാൾട്ടി ലഭിച്ചു. അതും ദിമി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-2. സമനില പക്ഷെ അധികം നീണ്ടു നിന്നില്ല.
69ആം മിനുട്ടിൽ ലെസ്കോവിച് ഒരു പെനാൾറ്റ്യി വഴങ്ങി. അത് മൻസോറോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-2. ഇതിനു ശേഷം ബ്ലാസ്റ്റേഴ്സ് അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു എങ്കിലും പരാജയം ഒഴിവാക്കാൻ വേണ്ടിയിരുന്ന മൂന്നാം ഗോൾ വന്നില്ല. അവസാനം ഇഞ്ച്വറി ടൈമിൽ ലെസ്കോവിചിനെ ഫൗൾ ചെയ്തതിന് ചിമ ചുവപ്പ് കണ്ട് പുറത്തായി. എന്നിട്ടും വിജയം ഉറപ്പിക്കാൻ ജംഷദ്പൂരിനായി.
ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ജംഷദ്പൂർ 6 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. ബ്ലാസ്റ്റേഴ്സ് 3 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ആണ് ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്.